അശാസ്ത്രിയമായ പുലിമുട്ട് നിർമാണം കാരണം പൊലിഞ്ഞത് 70ലധികം പേരുടെ ജീവൻ; ശവപ്പെട്ടിയുമായി നിയമസഭയിലേയ്ക്ക് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ മാർച്ച്...

അശാസ്ത്രിയമായ പുലിമുട്ട് നിർമാണം കാരണം 76 പേരുടെ ജീവൻ പൊലിഞ്ഞിട്ടും സർക്കാർ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ശവപ്പെട്ടിയുമായി നിയമസഭയിലേയ്ക്ക് മാർച്ച് നടത്തുന്നു. KLCA യുടെ നേതൃത്വത്തിൽ ആണ് മാർച്ച് . കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകൾ പാലിക്കാതെയാണ് സർക്കാർ വഞ്ചിച്ചത്. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്ന് നൂറു കണക്കിന് KLCA നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. അവരോടൊപ്പം തിരുവനന്തപുരം മധുരയിൽ നിന്നുള്ള പ്രവർത്തകരുമുണ്ട്.
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി .ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻ്റ് പാട്രിക് മൈക്കിൾ മുതലായവർ നയിക്കുന്ന നിയമസഭ മാർച്ച് വി.ജെ.ടി ഹാളിൽ നിന്ന് ആണ് ആരംഭിച്ചത്.
2002-ന് ശേഷം 76-ഓളം മീൻപിടുത്തക്കാരാണ് അപകടങ്ങളിൽ പെട്ട് മരണമടഞ്ഞത്. ഓരോ വർഷവും ഈ സംഖ്യ കൂടുകയാണ്. ഇതോടൊപ്പം നിരവധി വള്ളങ്ങളും ബോട്ടുകളും അപകടത്തിൽപെട്ട് മത്സ്യബന്ധന സാമഗ്രികൾക്ക് കേടുപാടുകളുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഏതൊരു തുറമുഖത്തിന്റെയും അടിസ്ഥാനപരമായ ആവശ്യം അത് ഉപയോഗിക്കുന്ന ഉരുക്കൾക്ക് കടലിൽ പോയി വരുന്നതിന് സുരക്ഷിതത്വം നൽകണം എന്നതാണ്.
എന്നാൽ മുതലപ്പൊഴി തുറമുഖത്ത് ഈ സുരക്ഷിതത്വം ലഭിക്കുന്നില്ല. സ്വാഭാവിക മണൽതീരത്ത് കരയിൽ എത്തിച്ചേരുന്ന വള്ളങ്ങൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലും ഈ ഹാർബറിന് പ്രദാനം ചെയ്യാൻ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ഈ തുറമുഖ കവാടത്തിൽ മണലടിയുന്നതും അങ്ങനെ രൂപപ്പെടുന്നതും ജലപ്പരപ്പിന് മുകളിൽ കാണാൻ കഴിയാത്തതുമായ മണൽത്തിട്ടകളോട് ചേർന്ന ശക്തമായ തിരമാലകളും ഓളങ്ങളും ഉണ്ടാകുന്നതുമാണ്. ഇതിനെ മറികടന്നു മാത്രമേ മത്സ്യബന്ധന ഉരുക്കൾക്ക് കടലിലേക്ക് പോയി വരാൻ കഴിയൂ.
ഈ പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹാരം തേടി സംസ്ഥാന തുറമുഖ വകുപ്പ് വിദഗ്ദ്ധ പഠനം നടത്താൻ പൂണെയിലെ പ്രശസ്തമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ സഹായം തേടി. അവർ ദീർഘമായ പഠനം നടത്തി 2011 ജനുവരിയിൽ കണ്ടെത്തലുകളും നിർദ്ദേശങ്ങളും സമർപ്പിക്കുകയും ചെയ്തു.
ഇപ്പോൾ പുതിയ പഠനവും നടപടികളും ആവശ്യപ്പെടുന്നവർ ഈ റിപ്പോർട്ട് വായിച്ചിരുന്നെങ്കിൽ, ഒപ്പം അവർ നിർദ്ദേശിച്ച നടപടികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ, ഒരു പക്ഷേ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കാൻ കഴിയുമായിരുന്നു. മുതലപ്പൊഴിക്ക് സമീപത്തെ കടൽ മേഖലയിലെ തിരമാലകളുടെ സ്വഭാവം, ഒഴുക്ക്, മണൽനീക്കത്തിന്റെ തോത് എന്നിവയെല്ലാം ഇതിൽ പഠനവിധേയമായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
എങ്കിലും ഇതിൽ ഏറ്റവും പ്രധാനം കടൽത്തീരത്ത് കൂടിയുള്ള മണലിന്റെ ഒഴുക്കാണ്. നമ്മുടെ തീരക്കടലിലെ സ്വാഭാവിക പ്രതിഭാസമാണ് ഈ മണൽ ഒഴുക്ക് (സെഡിമെന്റ് ട്രാൻസ്പോർട്ട് അഥവാ ലിറ്ററൽ ഡ്രിഫ്റ്റ്). ഇതിന് തടസ്സമുണ്ടാകുന്ന നിർമ്മിതികൾ നടത്തുമ്പോൾ മണൽ അടിയുന്നതും തീരം ശോഷിക്കുന്നതും സംഭവിക്കുന്നു.
CWPRS പഠനത്തിൽ കണ്ടെത്തിയത് ഇവിടെ മണലൊഴുക്കിന്റെ തോത് വളരെ കൂടുതലാണെന്നാണ്. അതിനാൽ തുറമുഖത്ത് കൂടുതൽ മണൽ അടിയുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി. ഇതിന് അവർ പരിഹാരങ്ങളും നിർദ്ദേശിച്ചിരുന്നു. ഫിഷിംഗ് ഹാർബർ സുഗമമായി പ്രവർത്തിക്കാൻ രണ്ട് കാര്യങ്ങളാണ് അവർ പറഞ്ഞത്. ഒന്ന്, പുലിമുട്ടുകളുടെ നീളം കൂട്ടുക. രണ്ട്, മണൽ അടിയുന്ന തെക്കൻ ഭാഗത്ത് നിന്നും മണൽ ശേഖരിച്ച് ഹാർബറിന് വടക്ക് തീരശോഷണം ഉണ്ടാകുന്ന തീരത്തേക്ക് മണൽ നിക്ഷേപിക്കുക.
പുലിമുട്ടിന്റെ നീളം കൂട്ടി നിർമ്മിച്ച് ആറ് വർഷമാകുമ്പോൾ തുറമുഖ കവാടത്തിൽ മണലടിഞ്ഞ് അവിടെ പ്രക്ഷുബ്ധമാകും. ഇത് സംഭവിക്കാതിരിക്കണമെങ്കിൽ ആദ്യ വർഷം മുതൽ നിരന്തരം അടിയുന്ന ഇടത്തു നിന്നും മണൽ മാറ്റിക്കൊണ്ടേയിരിക്കണം. ഇതിന് സാൻഡ് ബൈപാസ്സിങ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്.
പക്ഷേ, നമ്മുടെ സർക്കാർ ഈ രണ്ട് നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. പുലിമുട്ടുകളുടെ നീളം കൂട്ടി. മണൽ നീക്കുന്ന നടപടി ചെയ്തതേയില്ല. അതിനുള്ള ചെലവ് എത്ര വരുമെന്ന് പോലും കണക്കാക്കിയില്ല. പ്രാഥമിക അന്വേഷണത്തിൽ ഇതിന് ഓരോ വർഷവും കോടികൾ ചെലവിടേണ്ടി വരുമെന്ന് അറിവായതോടെ ആ ശാസ്ത്രീയ നിർദ്ദേശം ഫലത്തിൽ സർക്കാർ നിരസിക്കുകയാണ് ചെയ്തത്.
ഇത് വ്യക്തമാക്കുന്നത് മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കാൻ എളുപ്പവഴികളൊന്നും ഇല്ലെന്നതാണ്. എല്ലാ വർഷവും മണൽ നീക്കം ചെയ്യുന്ന നടപടി ചെയ്തു കൊണ്ടിരുന്നാൽ മാത്രമേ സുരക്ഷിതമായ മുതലപ്പൊഴി ഹാർബർ ഉണ്ടാകൂ. ഇവിടെ അപകടം ഉണ്ടായി കഴിയുമ്പോൾ മാത്രം തെരച്ചിലും രക്ഷാ പ്രവർത്തനവും നടത്തി ശാശ്വതമായ പരിഹാരം സാധ്യമല്ല.
https://www.facebook.com/Malayalivartha
























