പതിനഞ്ചുകാരനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി...

കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് സോഫി തോമസ് ജാമ്യ ഹർജി തള്ളിയത്. കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂർത്തിയായി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2024 നവംബർ 1 മുതൽ 16 വരെയാണ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ചിട്ടുള്ളത്. നാടിനെ നടുക്കിയ സംഭവമായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖര്‍ (15) 2023 ഓഗസ്റ്റ് 30ന് കാറിടിച്ച് കൊല്ലപ്പെട്ട സംഭവം. ആദ്യഘട്ടത്തില്‍ അപകട മരണമാണ് എന്നാണ് കരുതിയിരുന്നത്.
പ്രതിക്കെതിരെ അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കിയതിനു കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ കണ്ടതോടെയാണ് ഇതു കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻവൈരാഗ്യം മൂലം പ്രിയരഞ്ജൻ ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിച്ചത് ആദിേശഖർ ചോദ്യം ചെയ്തതാണ് പ്രിയരഞ്ജന്റെ പകയ്ക്ക് കാരണമായത് എന്നാണ് പൊലീസിന്റെ വാദം. കൂട്ടുകാരുമൊത്തു കളിച്ചു കൊണ്ടിരുന്ന ആദിശേഖർ കളി അവസാനിച്ച് സൈക്കിളിൽ മടങ്ങുന്നതു വരെ ക്ഷേത്രമൈതാനത്ത് പ്രതി കാത്തു നിന്നു എന്നും തുടർന്ന് കാറിടിപ്പിച്ച് വീഴ്ത്തുകയും ദേഹത്തു കൂടി കാർ കയറ്റി കൊലപ്പെടത്തുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. മാത്രമല്ല, ആരെങ്കിലും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത് തടയുന്നതിനു കാർ റോഡിന്റെ കുറുകെ ഇട്ടു എന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രിയരഞ്ജൻ ഇതിന് ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്.
ആരോപണങ്ങളെല്ലാം ജാമ്യാപേക്ഷയിൽ പ്രിയരഞ്ജൻ നിഷേധിച്ചു. ഗൾഫിലുള്ള ഭാര്യയുമായി സംസാരിച്ചുകൊണ്ടിരുന്ന താൻ ഏറെ അസ്വസ്ഥനായി ഫോൺ വച്ച ശേഷം പെട്ടെന്ന് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടമുണ്ടായി എന്നു തിരിച്ചറിഞ്ഞപ്പോൾ താൻ തന്നെയാണ് കാർ നിർത്തി കുട്ടിയുടെ അരികിലേക്ക് ഓടിയെത്തിയത്. എന്നാൽ സിസി ടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നിൽ തന്നോടു ശത്രുയുള്ള ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. പ്രായമായ അമ്മയും രണ്ടു കുട്ടികളുമുണ്ട് എന്നും പ്രിയരഞ്ജൻ വാദിച്ചു.
ഭാര്യയുമായി സംസാരിച്ചുകൊണ്ടിരുന്നതിന്റെ തെളിവുകളും ഹാജരാക്കിയിരുന്നു. മുൻപു ജാമ്യാപേക്ഷ നൽകിയപ്പോഴും പ്രധാന സാക്ഷികളുടെ മൊഴി എടുക്കുന്നത് പൂർത്തിയായ ശേഷം വിചാരണ കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എഃ്നാൽ അതിനു ശേഷം നാലു മാസം കഴിഞ്ഞിട്ടും ഒരു സാക്ഷിയുടേയും മൊഴിയെടുത്തിട്ടില്ലെന്നും വിചാരണ എന്നു തുടങ്ങുമെന്ന് ധാരണയില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
എന്നാൽ വിചാരണ തീയതി നിശ്ചയിച്ച സാഹചര്യത്തിൽ പ്രതി പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് തീരുന്നതു വരെ കാത്തിരുന്നേ മതിയാകൂ എന്ന് കോടതി വ്യക്തമാക്കി. വിചാരണ തീയതി തീരുമാനിക്കുന്നതിനു മുൻപാണ് ജാമ്യാപേക്ഷ നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിയെ പുറത്തു വിട്ടാൽ ഒളിവിൽ പോകാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യാപേക്ഷ നിരസിക്കുകയാണെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
കൃത്യത്തിനു ശേഷം പ്രതി പ്രിയരഞ്ജൻ 11 ദിവസവും ഒളിവിൽ കഴിഞ്ഞത് സംസ്ഥാനത്തിനു പുറത്ത് ആയിരുന്നു. അപകടം നടന്ന് രണ്ടാം ദിവസം വിദേശത്തു നിന്ന് നാട്ടിലെത്തിയ ഭാര്യയ്ക്കൊപ്പം ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലുമായിരുന്നു. കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. ഇതിനിടെ അഭിഭാഷകനെ കണ്ടു. കുഴിത്തുറ സ്വദേശിയാണ് പ്രിയരഞ്ജനു പിടിയിലാകും വരെ ഒളിച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയത് എന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























