ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

നിങ്ങൾ കുരച്ചോ... ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ പറയും. സൈബർ ആക്രമണം നടത്തുന്നവരോടും അതിന് പിന്നിൽ നിൽക്കുന്നവരോടും ഉണ്ണിത്താന്റെ മകന്റെ മറുപടി. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവന്നവരുടെ യോഗ്യതയെന്താണ്? ജെ.എസ്. അഖിലിന്റെ പേര് വെട്ടാൻ കാണിച്ച ധൈര്യം, ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം. ഇനിയും ഒളിച്ചിരിക്കാതെ പുറത്തുവരണം. അമൽ ഉണ്ണിത്താന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും കോൺഗ്രസിൽ ചർച്ചയാകുകയാണ്.
ഷാഫി പറമ്പിലിനെതിരായ പിതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്കു പിന്നാലെയാണ് മകൻ അമലും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട പഴയ തീരുമാനമാണ് ഇത്തവണ അമൽ ചർച്ചയാക്കുന്നത്. ഉമ്മൻ ചാണ്ടി നിർദേശിച്ചിരുന്നുവെന്ന് പറയുന്ന ജെ.എസ്. അഖിലിന്റെ പേര് വെട്ടി രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷനാക്കിയവരെയാണ് അമൽ ചോദ്യം ചെയ്യുന്നത്. അന്ന് അഖിലിന് അയോഗ്യത കൽപ്പിച്ചവർ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നുവെന്നാണ് ചോദ്യം. തീരുമാനമെടുത്തവർ ആരാണെന്ന് കേരളം അറിയണമെന്നും അമൽ ആവശ്യപ്പെടുന്നു.
പിതാവും മകനും ഒരേ രാഷ്ട്രീയ വിഷയത്തിൽ തുടർച്ചയായി പ്രതികരിക്കുന്നതോടെ കോൺഗ്രസിലെ തർക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
ഈ പോരിന്റെ കേന്ദ്രം ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാത്രമല്ല. കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള നീക്കങ്ങളും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ അധികാര താൽപര്യങ്ങളുമാണ് വിവാദത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, കെ.എം. അഭിജിത്, സന്ദീപ് വാര്യർ തുടങ്ങിയവർ ഷാഫിക്ക് പിന്തുണയുമായി രംഗത്തെത്തി. വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം പരസ്യപ്പോര് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും ഇവർ പ്രതികരിച്ചു.
ഇതിനിടെ എ ഗ്രൂപ്പും ഷാഫിക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ബെന്നി ബഹനാൻ എംപിയും പി.സി. വിഷ്ണുനാഥും ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചകൾക്കു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ബെന്നി ബഹനാൻ കണ്ടു. വിവാദത്തിൽ ഉണ്ണിത്താനോട് പാർട്ടി വിശദീകരണം തേടണമെന്ന അഭിപ്രായവും എ ഗ്രൂപ്പിലെ നേതാക്കൾക്കുണ്ട്.
അതേസമയം, ഉണ്ണിത്താനെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയോട് പുലർത്തിയ ബന്ധത്തെക്കുറിച്ച് മറിയാമ്മ ഉമ്മൻ നടത്തിയ പ്രതികരണവും വിവാദത്തിന് കൂടുതൽ രാഷ്ട്രീയ മാനം നൽകി.
ഇതോടെ ഇടപെടലുമായി ഹൈക്കമാൻഡ് രംഗത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി രാജ്മോഹൻ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും സംസാരിച്ചു. വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ആവശ്യപ്പെട്ടു. സംഘടനാപരമായ പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു നിർദേശം.
നേതാക്കൾക്ക് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ കർശന നിർദേശം നൽകിയതോടെ വാക്പോരിന് താൽക്കാലിക വിരാമമുണ്ടായെന്നായിരുന്നു ഏറ്റവും പുതിയ വിവരം. എന്നാൽ പിതാവിനെതിരായ സൈബർ ആക്രമണവും ഷാഫിക്കെതിരായ പഴയ ആരോപണങ്ങളും ചൂണ്ടിക്കാട്ടി അമൽ വീണ്ടും പോസ്റ്റിട്ടതോടെ ആ വെടിനിർത്തലും ചോദ്യചിഹ്നത്തിലായി.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് ഉയരുന്നതും മറുഭാഗത്ത് മറ്റ് നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നതും ഈ തർക്കത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകുന്നുണ്ട്. ബെന്നി ബഹനാൻ, കെ.സി. ജോസഫ്, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ പേരുകളും സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണവും ഈ തർക്കത്തിനിടെ ഉയർന്നിരുന്നു.
ഒരു വശത്ത് ഹൈക്കമാൻഡിന്റെ നിയന്ത്രണ നിർദേശം. മറുവശത്ത് ഗ്രൂപ്പുകളുടെ നീക്കങ്ങൾ. അതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തുടരുന്ന പോര്. കോൺഗ്രസിലെ തർക്കം അവസാനിച്ചെന്ന് നേതൃത്വം കരുതുമ്പോഴും പുതിയ ചോദ്യങ്ങളുമായി വീണ്ടും രംഗത്തെത്തുകയാണ് അമൽ ഉണ്ണിത്താൻ.
https://www.facebook.com/Malayalivartha

























