കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

ഇന്നലെവരെ കടുത്ത വിമർശനം, ഇന്ന് സൗഹൃദത്തിന്റെ ഭാഷ! ആദ്യം സുകുമാരൻ നായർ. ഇപ്പോൾ അതേ വഴിയിൽ വെള്ളാപ്പള്ളി നടേശനും. വി.ഡി. സതീശനുമായുള്ള പിണക്കമില്ലെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രഖ്യാപനം. ഞങ്ങൾ പണ്ടൊക്കെ ചക്കരയും ഈച്ചയും പോലെയാണ് നടന്നിരുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു. ഒരുകാലത്ത് സതീശനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന രണ്ട് പ്രമുഖ സമുദായ നേതാക്കളും ഇപ്പോൾ നിലപാട് മയപ്പെടുത്തുമ്പോൾ കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത് പുതിയ സമവാക്യങ്ങളാണ്.
ഈ മഞ്ഞുരുക്കത്തിന് തുടക്കമിട്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ്. സതീശനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചെന്നും പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചെന്നുമായിരുന്നു നവംബർ 13-ന് സുകുമാരൻ നായരുടെ പ്രഖ്യാപനം. ഒരു പരിപാടിയിലേക്ക് സതീശനെ ക്ഷണിക്കാൻ ഫോണിൽ ബന്ധപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ മറന്ന് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും വ്യക്തമാക്കി.
എന്നാൽ ഈ സൗഹൃദ പ്രഖ്യാപനത്തിന് പിന്നിൽ വലിയൊരു ഏറ്റുമുട്ടലിന്റെ ചരിത്രമുണ്ട്. സതീശനെതിരെ ഏറ്റവും രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു സുകുമാരൻ നായർ. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനശൈലിയെ ചോദ്യം ചെയ്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും അദ്ദേഹം പലതവണ രംഗത്തെത്തി. സതീശൻ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശിച്ചു.
പിന്നീട് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട തർക്കവും രൂക്ഷമായി. സതീശൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചുവെന്നായിരുന്നു സുകുമാരൻ നായരുടെ ആരോപണം. സതീശന്റെ നിലപാടിനെ ധാർഷ്ട്യമെന്നും വിശേഷിപ്പിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച സതീശന്റെ വിശദീകരണം പച്ചക്കള്ളമാണെന്നുവരെ സുകുമാരൻ നായർ തുറന്നടിച്ചു. ഇനി വ്യക്തിപരമായി കാണാൻ താൽപര്യമില്ലെന്ന നിലപാടിലേക്കും അദ്ദേഹം എത്തിയിരുന്നു.
അങ്ങനെയൊരു സാഹചര്യത്തിൽ നിന്നാണ് നവംബറിൽ ഇരുവരും വീണ്ടും അടുക്കുന്നത്. പഴയ തർക്കങ്ങൾ അവസാനിപ്പിച്ചെന്ന സുകുമാരൻ നായരുടെ പ്രഖ്യാപനം രാഷ്ട്രീയമായി വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോൾ അതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെയും പുതിയ പ്രതികരണം. വി.ഡി. സതീശനുമായി തനിക്ക് പിണക്കമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പണ്ടൊക്കെ ചക്കരയും ഈച്ചയും പോലെയാണ് നടന്നിരുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സതീശനുമായി വ്യക്തിപരമായ വിരോധമില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയ നിലപാടുകളുടെ പേരിലാണെന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.
എന്നാൽ വെള്ളാപ്പള്ളിയുടെ പഴയ വിമർശനങ്ങൾ അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. സതീശനെ ഇന്നലെ പൂത്ത തകരയെന്ന് പരിഹസിച്ച വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഈഴവ സമുദായത്തിനെതിരെയാണ് സതീശൻ സംസാരിക്കുന്നതെന്നും മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. കോൺഗ്രസ് ലീഗിന്റെ താൽപര്യങ്ങൾക്ക് വഴങ്ങുകയാണെന്ന വിമർശനവും ഉയർത്തി.
എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യനീക്കങ്ങൾ സജീവമായിരുന്ന ഘട്ടത്തിൽ സുകുമാരൻ നായരും വെള്ളാപ്പള്ളിയും സതീശനെതിരെ ഒരേപോലെ വിമർശനമുയർത്തിയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ആദ്യം സുകുമാരൻ നായരും പിന്നാലെ വെള്ളാപ്പള്ളിയും സതീശനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന നിലപാടിലേക്ക് എത്തുകയാണ്.
വെള്ളാപ്പള്ളിയ്ക്കെതിരെ ഉയരുന്ന കേസും പ്രധാനമാണ്. പൊതുപ്രവർത്തനത്തിലും സ്വകാര്യ ജീവിതത്തിലും 30 കൊല്ലമായി തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു കേസിൽ പോലും താൻ കുറ്റക്കാരൻ അല്ല. എന്നിട്ടും വേട്ടയാടൽ തുടരുന്നു. തന്നെ പ്രതിയാക്കി കേസെടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി പരാമർശങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഒരിക്കൽ ഒരേ സ്വരത്തിൽ സതീശനെ വിമർശിച്ചവർ ഇപ്പോൾ ഒരേപോലെ മഞ്ഞുരുക്കത്തിന്റെ ഭാഷ സംസാരിക്കുന്നു. ആദ്യം സുകുമാരൻ നായർ, പിന്നാലെ വെള്ളാപ്പള്ളി. കേരള രാഷ്ട്രീയത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ എന്ത് പുതിയ ചർച്ചകൾക്കാണ് വഴിയൊരുക്കുകയെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























