മറയ്ക്കുന്നത് ഇതാര്‍ക്ക് വേണ്ടി.... ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെയെന്ന് സുരേഷ് ഗോപി

ഒരു അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരരുതെന്നും പുറത്ത് വരണമെന്നും വലിയ തര്‍ക്കം നടക്കുകയാണ്. അതേസമയം ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ജനപ്രതിനിധിയെന്ന നിലയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും എം എല്‍ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂര്‍ സമയം സംസാരിച്ചെന്നും മറ്റുള്ളവര്‍ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു.
സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാത്തത്. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.
നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19 -ാം തിയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ അല്പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49 -ാം പേജിലെ ചില വിവരങ്ങളും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി. താന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എന്റെ വാദം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവര്‍ പറഞ്ഞു.
ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് ഇത് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും താന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് തരുമെന്നാണ് കരുതിയത്. താന്‍ ഡബ്ല്യുസിസിയുടെ ഭാഗമാണ്. താന്‍ ഒറ്റയ്ക്കല്ല ഡബ്ല്യുസിസിയാണ് ഇക്കാര്യം ചോദിക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും ഇത് പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ആദ്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുകയെന്ന കാര്യം തന്റെ മൗലികവകാശമാണ്. താനും അഭിഭാഷകയാണ്. താന്‍ ഇതില്‍ നേരിട്ട് കക്ഷിയാണ്. തനിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























