സി.ബി.ഐ അടക്കം മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല....! പക്ഷെ ദുരൂഹതകളെല്ലാം അവശേഷിക്കുകയും ചെയ്യുന്നു...! വീണ്ടും വെളിപ്പെടുത്തൽ

ജെസ്നാ തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ 102-ാം നമ്പര്‍ മുറിയില്‍ ജെസ്ന താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍. ഈ ലോഡ്ജിലെ ജീവനക്കാരിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഈ ലോഡ്ജിന് തിരോധാനവുമായി എന്തോ ബന്ധമുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. 2011 മുതല്‍ അടുത്തകാലം വരെ ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തല്‍ നടത്തുന്നത്. ലോഡ്ജ് ഉടമയുമായി ഈ സ്ത്രീ തെറ്റിപിരിഞ്ഞിരുന്നു. അവരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ രഹസ്യ ക്യാമറയ്ക്ക് മുന്നില്‍ ചിലത് പറഞ്ഞത്.
ഒരു അജ്ഞാതനൊപ്പമാണ് ജെസ്ന ലോഡ്ജിലെത്തിയത്. വെളുത്തു മെലിഞ്ഞ പയ്യന്. എറണാകുളത്ത് പരീക്ഷയുണ്ടെന്നു പറഞ്ഞാണ് റൂം എടുത്തത്. ജെസ്നയുടെ പല്ലിലെ കമ്പിയും ഇട്ടിരുന്ന വസ്ത്രങ്ങളുമെല്ലാം നല്ല ഓര്‍മ്മയുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ ലോഡ്ജിനെ കുറിച്ച് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. മുണ്ടക്കയത്തെ ഈ ലോഡ്ജിന് സമീപമുള്ള സിസിടിവിയിലാണ് അവസാനമായി ജെസ്ന പതിഞ്ഞത്. ഈ തരത്തിലെ അന്വേഷണമാണ് ജെസ്നയിലേക്കുള്ള സൂചനകള്‍ കിട്ടിയത്. സിബിഐ ഇക്കാര്യത്തില്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. നേരത്തെ ക്രൈംബ്രാഞ്ച് ഇവിടെ എത്തിയെങ്കിലും അവരും കാര്യമായി ഒന്നും ഈ തരത്തില്‍ അന്വേഷിച്ചില്ല. ജെസ്നയെ അവസാനമായി കണ്ട സിസിടിവിയ്ക്ക് തൊട്ടടുത്തുള്ള ലോഡ്ജുകളില്‍ ആരും അന്വേഷിക്കാത്തതിലെ അട്ടിമറിയാണ് പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കുന്നത്.
മകള്‍ ജെസ്നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്നയുടെ അച്ഛന് ജെയിംസ്. സിബിഐയുടെ പുനര്‍അന്വേഷണത്തില്‍ വിശ്വാസമുണ്ട്. മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ അടക്കം സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. ഈ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ജെയിംസ് വിശദീകരിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. നേരിട്ട് പോയി കണ്ടില്ല. എന്നാല്‍ മറ്റൊരാളെ വിട്ട് അവരുമായി സംസാരിച്ചു. അവര്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നിയില്ല. എല്ലാം സിബിഐ കണ്ടെത്തും. അവര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ചെറിയൊരു സംഘമാണ് അന്വേഷണം നടത്തുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അച്ഛന് പറഞ്ഞു. മകളുടെ തിരോധാനത്തില്‍ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്. അത് മുദ്രവച്ച കവറില്‍ സിബിഐയ്ക്ക് നല്‍കിയിരുന്നു. അതുള്‍പ്പെടെ എല്ലാം സമഗ്രമായി സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























