ജസ്നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നു; ലോഡ്ജ് മുൻ ജീവനക്കാരി തന്നെയും വിളിച്ചിരുന്നു- ജെസ്‌നയുടെ പിതാവ്

താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിരുന്നതായി കാണാതായ ജെസ്‌നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിബിഐ കേസ് ആറ് മാസം കൂടെ അന്വേഷിക്കണമെന്ന് അദ്ദേഹം ഹർജിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് പുറത്ത് വരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ ചില സൂചനകൾ എന്നോണമാണ് മുണ്ടകൈയിലെ ഒരു ലോഡ്ജിലെ ജീവനക്കാരി നടത്തിയ സുപ്രധാന വെളിപ്പെടുത്തലുകൾ.
മകൾ ജസ്നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ് പ്രതികരിക്കുകയാണ്. സിബിഐയുടെ പുനർഅന്വേഷണത്തിൽ വിശ്വാസമുണ്ട്. മുൻ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തൽ അടക്കം സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. മകളുടെ തിരോധാനത്തിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്. അത് മുദ്രവച്ച കവറിൽ സിബിഐയ്ക്ക് നൽകിയിരുന്നു. അതുൾപ്പെടെ എല്ലാം സമഗ്രമായി സിബിഐ ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും ജസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.
പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
''പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെൺകൊച്ചിന്‍റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.' സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുൻജീവനക്കാരി വെളിപ്പെടുത്തി.
ജെയിംസ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടായത്. താന്‍ നല്‍കിയ തെളിവുകളില്‍ ആറു മാസമെങ്കിലും സിബിഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കില്‍ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു. മുണ്ടക്കയത്തിനു സമീപം ഒരു കേന്ദ്രത്തില്‍ ജെസ്ന വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സാഹചര്യം, ദുരൂഹസാഹചര്യത്തിലുള്ള ചില ഫോട്ടോകള്‍, സൗഹൃദം എന്നിവയെല്ലാം അന്വേഷണപരിധിയിലുണ്ട്. ഏതാനും സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
കേസില്‍ സിബിഐ പല കാര്യങ്ങളും വിട്ടു പോയെന്ന് പിതാവ് ചൂണ്ടിക്കാട്ടിരുന്നു. എന്നാല്‍ ജെസ്‌നയുടെ പിതാവ് നല്‍കിയതടക്കമുള്ള നിരവധി കാര്യങ്ങള്‍ എല്ലാം വിശദമായി അന്വേഷിച്ചതാണെന്നും വിശ്വസനീയമല്ലാത്ത മൊഴികള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞുവെന്നും സിബിഐ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തനംതിട്ട മുക്കൂട്ടുതറയില്‍ കുന്നത്ത് ജയിംസിന്റെ മൂന്നുമക്കളില്‍ ഒരാളായിരുന്നു ജസ്‌ന മരിയ ജെയിംസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് കോളജില്‍ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനി. 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 ന് മുക്കൂട്ടതറയിലെ വീട്ടില്‍ നിന്നും ആന്റിയുടെ വീട്ടിലേക്ക് ഇറങ്ങിയാതിരുന്നു ജസ്‌ന.
വീട്ടില് നിന്ന് ഇറങ്ങിയ ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി......അവിടുന്ന് ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നതുവരെ ജസ്‌നയെ കണ്ടവരുണ്ടായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം വീട്ടുകാരെ ചുറ്റിപ്പറ്റിയായിരുന്നു. ജസ്‌നയുടെ ഫോണിലേക്ക് അവസാനത്തെ കോള്‍ ചെയ്ത സുഹൃത്തും അന്വേഷണ പരിധിയിലായി.
സിനിമയെ പോലും വെല്ലുന്ന ജെസ്ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു.
https://www.facebook.com/Malayalivartha

























