സഹോദരിമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇരയാകുമ്പോള്‍ മാത്രമാണ് നാമിപ്പോള്‍ ശബ്ദം ഉയര്‍ത്തുന്നത്; സംസ്ഥാനം സ്ത്രീധന വിമുക്തമാകാന്‍ സമൂഹത്തിന്റെ പൊതുമനസ്ഥിതിയില് മാറ്റം ഉണ്ടാവേണ്ടതുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്

സംസ്ഥാനം സ്ത്രീധന വിമുക്തമാകാന്‍ സമൂഹത്തിന്റെ പൊതുമനസ്ഥിതിയില് മാറ്റം ഉണ്ടാവേണ്ടതുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന് സംഘടിപ്പിച്ച 'സ്ത്രീധന വിമുക്ത കേരളം' സംസ്ഥാനതല സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മേയര്‍. വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി, യുവജനകമ്മിഷന് അധ്യക്ഷന്‍ ഡ്വ: എം. ഷാജര്‍ എന്നിവരെ പോലെ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതെയാണ് താനും വിവാഹിതയായയത്.
തങ്ങള്‍ ഒരു പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിലപാടാണിത്. അത്തരം പൊതുബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. യഥാര്‍ത്ഥത്തില്‍ മനസ് നന്നായാല്‍ മാത്രം പരിഹരിക്കാവുന്ന വിഷയമേയുള്ളൂ സ്ത്രീധനത്തിന്റെ കാര്യത്തില്‍. എത്ര ബോധവത്കരണം നടത്തിയാലും പുരോഗമനം പറയുന്ന ചിലര്‍ക്കുപോലും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
സഹോദരിമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇരയാകുമ്പോള്‍ മാത്രമാണ് നാമിപ്പോള്‍ ശബ്ദം ഉയര്‍ത്തുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. അതിനായി കേരള വനിതാ കമ്മിഷന് നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും തിരുവനന്തപുരം കോര്പറേഷന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha

























