നന്നായി കലക്കി ഒരു കപ്പ് ബൂസ്റ്റ് വലിയ കപ്പിത്താന് കൊടുക്കാൻ മറന്നുപ്പോയതാണ്, അല്ലെങ്കിൽ കൊടുക്കാൻ മൈൻഡ് ആക്കാത്തതാണ് ജൂഡ് എന്ന സംവിധായകൻ ചെയ്ത ഏറ്റോം വല്യ അപരാധം; തുറന്നടിച്ച് അഞ്ജു പാർവതി

2023ൽ ലോകമെമ്പാടും ഉള്ള മലയാളികൾ കണ്ട് കണ്ണു നനഞ്ഞ, ഹൃദയം നിറഞ്ഞു കയ്യടിച്ച സിനിമയെ കടക്ക് പുറത്ത് എന്നൊരാട്ട് കൊടുത്ത് 2023 ൽ ആരും കാണാതെ ഗർഭത്തിൽ ഇരുന്ന ഒരു സിനിമയ്ക്ക് കിട്ടി. തുറന്നടിച്ച് അഞ്ജു പാർവതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
നന്നായി കലക്കി ഒരു കപ്പ് ബൂസ്റ്റ് വലിയ കപ്പിത്താന് കൊടുക്കാൻ മറന്നുപ്പോയതാണ്, അല്ലെങ്കിൽ കൊടുക്കാൻ മൈൻഡ് ആക്കാത്തതാണ് ജൂഡ് എന്ന സംവിധായകൻ ചെയ്ത ഏറ്റോം വല്യ അപരാധം. അത് കൊണ്ടെന്താ, 2023ൽ ലോകമെമ്പാടും ഉള്ള മലയാളികൾ കണ്ട് കണ്ണു നനഞ്ഞ, ഹൃദയം നിറഞ്ഞു കയ്യടിച്ച സിനിമയെ കടക്ക് പുറത്ത് എന്നൊരാട്ട് കൊടുത്ത് 2023 ൽ ആരും കാണാതെ ഗർഭത്തിൽ ഇരുന്ന ഒരു സിനിമയ്ക്ക് ( അതിനർത്ഥം ഈ സിനിമ അവാർഡിന് അർഹമല്ലെന്നോ മികച്ചത് അല്ലെന്നോ അല്ല, മറിച്ച് 2023 ലെ ജനപ്രിയ അവാർഡ് എങ്ങനെ കിട്ടി എന്ന ചോദ്യം ) ഇന്നാ പിടിച്ചോ ഒരു ജനപ്രിയ അവാർഡ് എന്നും പറഞ്ഞു കൊടുത്തു സാംസ്‌കാരിക കേരളം.
2018 കേവലം ഒരു സിനിമയല്ല. ഓരോ മലയാളിയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അനുഭവിച്ചറിഞ്ഞ ദിനങ്ങളുടെ ഓർമ്മപുസ്തകമാണ്. ഓരോ മലയാളിയും, പ്രവാസികൾ ഉൾപ്പെടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളിൽ റിയൽ ലൈഫ് ഹീറോകളായി സ്വയം മാറിയതിന്റെ സാക്ഷ്യമാണ്. ആരും വിളിക്കാതെ, സ്വന്തം സഹോദരങ്ങളെ രക്ഷിക്കാനായി സ്വയം മുന്നിട്ടിറങ്ങിയ ഒരു വലിയ ജനതയുടെ മുന്നേറ്റം കൊണ്ട് മാത്രമാണ് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ കേരളത്തെ കൈപിടിച്ചുയർത്തിയത് എന്നത് തുണിയുടുക്കാത്ത സത്യം. അത് വൃത്തിയായി ജൂഡ് ചെയ്തു വച്ചിട്ടുണ്ട്. അതാണ് ജൂഡ് ചെയ്ത അപരാധവും.
ഓഖി സമയത്ത് വലിയ കപ്പിത്താനെ പങ്കായം കൊണ്ടോടിച്ചതിന്റെ ചൊരുക്ക് പിന്നീട് പല രീതിയിൽ അവരോടു ചെയ്തിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ പാഞ്ഞിറങ്ങിയ മത്സ്യതൊഴിലാളികളുടെ വലിയ മനസ്സ്, കൊലയാളി ലോറി എന്ന് പലവുരു നമ്മൾ വിളിച്ച ടിപ്പറുകളുടെ ഇടവേളകളില്ലാത്ത രക്ഷാ ദൗത്യം, നാടിന് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഫ്രീക് പിള്ളേർ എന്ന് കളിയാക്കിയ ചുള്ളന്മാരും ചുള്ളത്തികളും കൈ മെയ് മറന്നു രാവും പകലും പ്രവർത്തിച്ച കോർഡിനേഷൻ, കൂടും കുടുക്കയും പൊട്ടിച്ചും ആടിനെ വിറ്റും ഒക്കെ ഒന്നും പത്തും നാടിനു നൽകിയ നിസ്വാർത്ഥത, പ്രവാസത്തിന്റെ ചൂടിൽ പൊള്ളുന്ന പ്രാരാബ്ദങ്ങൾക്കിടയിലും ഉള്ളത് മുഴുവൻ പെറുക്കി എടുത്ത് അയച്ചു നാടിനെ രക്ഷിക്കാൻ നിന്ന പ്രവാസികളുടെ ഉറവ വറ്റാത്ത കാരുണ്യം, പിന്നെ രാജ്യത്തിന്റെ കാവൽക്കാരായ ഇന്ത്യൻ ആർമി-നേവി -എയർ ഫോഴ്സ്! ഇതൊക്കെയാണ് ഈ നാടിനെ അന്നത്തെ ആ പ്രളയത്തിൽ നിന്നും കരകയറ്റിയത്. അല്ലാതെ ദുരിതപ്പെയ്ത്തിന് മുന്നിൽ തോറ്റമ്പി നിന്ന നമ്മുടെ ഡിസാസ്റ്റർ മാനേജ്മെന്റോ, പാതിരാത്രി ഡാം തുറന്നു വിട്ട മണി ആശാന്റെ ഡാം മാനേജ്മെന്റോ PR വർക്കുകൾ കൊണ്ട് കെട്ടിപ്പൊക്കിയ തമ്പ്രാന്റെ ഭരണമോ അല്ല. ഈ സത്യം ജൂഡ് സിനിമയിലൂടെ കൃത്യമായി വരച്ചു കാട്ടി. അതായത് ഉത്തമാ, ഇടത് PR മാർക്കറ്റിൽ കിട്ടുന്ന ആ ബൂസ്റ്റ് ഇല്ലേ, അത് വാങ്ങി നല്ലോണം കലക്കി ഒരു മഗ് കൊടുക്കാൻ മറന്നുപ്പോയി എന്ന്!!
https://www.facebook.com/Malayalivartha

























