ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതിന് സര്‍ക്കാരിന്റെ നെഞ്ചത്ത് കയറണ്ടെന്ന് മന്ത്രി സജി ചെറിയാന് ; വമ്പന്മാരെ രക്ഷിക്കാന്‍ ഉഡായിപ്പിറക്കീട്ട് ന്യായീകരണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ സര്‍ക്കാരിന് നേരെ വലിയ വിമര്‍ശനം വരികയാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് നടിമാര്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. റിപ്പോര്‍ട്ട് കക്ഷത്ത് വെച്ച് വമ്പന്മാരെ രക്ഷിച്ച സര്‍ക്കാര്‍ ഇപ്പോള്‍ സംഭവം ഉള്ട്ടയാക്കുന്നു. മന്ത്രി സജി ചെറിയാന് എല്ലാത്തിനും കൈമലര്‍ത്തി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതില്‍ തര്‍ക്കമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നടിമാരുടെ മൊഴികള്‍ കേട്ട് ഹേമ കമ്മിഷന് ഞെട്ടിയോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല. ശുപാര്‍ശ മാത്രമാണ് കണ്ടത് എന്നും മന്ത്രി വ്യക്തമാക്കി. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമ. സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
ഡബ്ലിയു.സി.സി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. താന്‍ മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും സജി ചെറിയാന് വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സുതാര്യമാണ്. സിനിമ സീരിയല്‍ രംഗത്ത് ഇടപെടേണ്ടത് അനിവാര്യമായ കാര്യമാണ്. അതിന് മാര്‍ഗരേഖ തയ്യാറാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
നടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് പിന്നില്‍ വമ്പന്മാര് വരെ ഉണ്ടെന്ന് വ്യക്തമായി റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ വമ്പന്മാരുടെയൊന്നും പേര് പറയാതെ അവരെ സംരക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഒരു വര്‍ഷം കക്ഷത്ത് വെച്ചോണ്ട് നടന്ന സര്‍ക്കാര്‍ ഈ ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. പലരേയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന സമാനതകളില്ലാത്ത ബുദ്ധിമുട്ടുകള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തുകയാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലൂടെ. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി മാത്രം കാണുന്ന ഒരു വിഭാഗം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയും മൊത്തം സംവിധാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് കമ്മീഷന് മുമ്പാകെ നടിമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ ഉടനെ തന്നെ ദുഷ്ടലാക്കോടെയുള്ള ഫോണ്വിളിയെത്തുമെന്നതാണ് ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍. സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
സിനിമയില്‍ അല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ടതില്ലെന്നാണ് നടിമാര്‍ കമ്മീഷന് നല്കിയ മറ്റൊരു പ്രധാനപ്പെട്ട മൊഴി. സിനിമയില്‍ ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷന്മാരുണ്ട്. അതിനാല്‍ പരസ്യമായി കിടക്കപങ്കിടാന്‍ പല പുരുഷന്മാരും നാണക്കേടില്ലാതെ ആവശ്യപ്പെടുന്നുവെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിനെ സമീപിക്കാത്തത് പ്രാണഭയം കൊണ്ടാണെന്നും നടിമാര്‍ കമ്മീഷന് മുമ്പാകെ പറഞ്ഞു.
https://www.facebook.com/Malayalivartha
























