ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

ഉദയംപേരൂര്‍ ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇവിടെ നിന്നുള്ള പാചക വാതക നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ, മദ്ധ്യകേരളത്തില്‍ പാചക വാതക ക്ഷാമം രൂക്ഷമാകും. ഹൗസ്‌കീപ്പിംഗ്, ലോഡിംഗ് വിഭാഗത്തിലെ നൂറിലധികം തൊഴിലാളികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ ഉദയംപേരൂര്‍ കമ്പനി ഗേറ്റിനു മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
വേതന വര്‍ദ്ധന ആവശ്യപ്പെട്ടു കഴിഞ്ഞ ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ നടത്തിവന്ന മെല്ലേപ്പോക്ക് സമരം അവസാനിപ്പിക്കുവാന്‍ ലേബര്‍ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടങ്ങിയത് . പതിനാലായിരം രൂപയാണ് അടിസ്ഥാന ശമ്പളമായി തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കുവാന്‍ കരാറുകാരന്‍ വിസമ്മതിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 1500 രൂപയുടെ വര്‍ധനവ് നല്‍കാമെന്ന് കരാറുകാരന്‍ പറഞ്ഞുവെങ്കിലും സമരസമിതി ഇത് അംഗീകരിച്ചില്ല.
നിത്യവും 46000 സിലിണ്ടറുകള്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത് . മെല്ലെപോക്ക് സമരത്തെ തുടര്‍ന്ന് ഇവിടെ സിലിണ്ടര്‍ ഉത്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട് . 150ലോഡ് പുറത്തേക്ക് പോയിരുന്നത് 70 ആയി കുറഞ്ഞു. സിലിണ്ടര്‍ ക്ഷാമം നേരിടുവാന്‍ കമ്പനി കോഴിക്കോട് , കോയമ്പത്തൂര്‍ പ്ലാന്റുകളില്‍ നിന്നും സിലിണ്ടറുകള്‍ ശേഖരിച്ചു കുറവുള്ള പ്രദേശങ്ങളില്‍ എത്തിക്കുന്നുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























