അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്-പദ്ധതി ഉപേക്ഷിക്കുന്നു

അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി നേടിയ റേഷന്‍ കാര്‍ഡുകള്‍ വ്യാപകമായി എന്നും അനര്‍ഹരുടെ കൈയ്യിലെത്തിയെന്നും വകുപ്പ്തല അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.
2011-ല്‍ സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടാണ് 'അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്' പദ്ധതി പ്രഖ്യാപിച്ചത്. ആ വര്‍ഷം ജൂലായ് 31-ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മന്ത്രി അനൂപ് ജേക്കബാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുഴുവന്‍ അപേക്ഷകര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കിയ ആദ്യ താലൂക്കായി കൊടുങ്ങല്ലൂരിനെ പ്രഖ്യാപിക്കുകയും ചെയ്തു. നൂറു ദിന കര്‍മ്മ പരിപാടി വിലയിരുത്തിയ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ പദ്ധതി നേട്ടമായിട്ടാണ് വിലയിരുത്തിയത്.
എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം മുതലാക്കി മറ്റ് കാര്‍ഡുകളില്‍ പേരുള്ളവരും മറ്റും പുതിയ റേഷന്‍ കാര്‍ഡ് ഒപ്പിച്ചെടുത്തുവെന്ന് പരാതി ഉണ്ടായി. കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ മുഴുവന്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ വേണ്ടത്ര സമയം ഉദ്യോഗസ്ഥര്‍ക്ക് കിട്ടാതെ വരുന്നതും ചിലര്‍ മുതലെടുത്തു. ഇതൊക്കെകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























