ആശാ പ്രവര്‍ത്തകര്‍ക്കു പൊങ്കാല കിറ്റ് വിതരണം ചെയ്ത് സുരേഷ് ഗോപി: പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്കുള്ള അരി, ശര്‍ക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയില്‍ എത്തിച്ചു

തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയില്‍ സമരവേദിയില്‍ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. വൈകിട്ട്, പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്കുള്ള അരി, ശര്‍ക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയില്‍ എത്തിക്കുകയായിരുന്നു.
ആശാ വര്‍ക്കര്‍മാര്‍ക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍, 'അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്' എന്നായിരുന്നു പ്രതികരണം. പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സര്‍ക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാര്‍ഥനയാണെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
''സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാന്‍ പറ്റും? നിങ്ങള്‍ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതല്‍ സംസ്ഥാനങ്ങളുടെ പേരു പറയും. എന്തായാലും ആശമാര്‍ക്കു നല്ലതു സംഭവിച്ചേ മതിയാവൂ. ആരെയും കുറ്റം പറയില്ല. സര്‍ക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീര്‍പ്പാക്കാന്‍. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവര്‍ക്കു നോക്കേണ്ടേ''- എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha