തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്; കനത്ത ഇടിമിന്നലിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 45 മിനിറ്റിനുള്ളില്‍ 77.5 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തമ്പാനൂര്‍, ചാല, വഞ്ചിയൂര്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.
വഞ്ചിയൂര്‍ ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും വെള്ളം കയറി. ഒരു മണിക്കൂറിനടുത്ത് നിര്‍ത്താതെ പെയ്തപ്പോഴാണ് വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലേത് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കനത്ത മഴയില്‍ വലഞ്ഞു. നഗരത്തില്‍ ഓടകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ തന്നെ വെള്ളം ഒഴുകി പോകാന്‍ പ്രയാസമാണ്. നഗരത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത്ര വലിയ മഴ പെയ്യുമെന്ന് പ്രവചിച്ചിരുന്നില്ല.
അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍, ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചിരുന്നു.
ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടത്. മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും.ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനം കൊച്ചിയിലാണ് ഇറങ്ങുക.
https://www.facebook.com/Malayalivartha