പേവിഷബാധയ്ക്ക് വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി അധികൃതര്‍

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിക്ക് വാക്‌സിന്‍ നല്‍കിയിട്ടും മരണം സംഭവിച്ചതില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍. കാറ്റഗറി മൂന്നില്‍ വരുന്ന കേസാണിതെന്നും ഇത്തരം മുറിവ് തുന്നാന്‍ പാടില്ല എന്നാണ് മാര്‍ഗനിര്‍ദേശമെന്നുമാണ് വിശദീകരണം. ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്നുരാവിലെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയെന്നും ചികിത്സാപ്പിഴവിനെതിരെ പരാതി നല്‍കുമെന്നും പിതാവ് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ആരും ബന്ധപ്പെട്ടില്ലെന്നും പിതാവ് ആരോപിച്ചിരുന്നു.
ഏപ്രില്‍ 29നാണ് മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ് മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. മറ്റ് ആറുപേര്‍ക്കും കടിയേറ്റിരുന്നു. ആദ്യ കടിയേറ്റത് സിയയ്ക്കായിരുന്നു. ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി ഐ.ഡി.ആര്‍.വി വാക്‌സിനെടുത്തു. ഇ.ആര്‍.ഐ.ജി (റാബിസ് ഇമ്മ്യുണോഗ്ലോബുലിന്‍) കുത്തിവയ്ക്കാന്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയെ മാതാപിതാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെത്തിച്ചു. അവിടെനിന്ന് ഉടന്‍ പ്രവര്‍ത്തിക്കുന്ന 'റെഡിമെയ്ഡ്' ആന്റിബോഡിയായ ഇ.ആര്‍.ഐ.ജി വാക്സിന്‍ നല്‍കി.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടും കുട്ടിയെ അന്നുതന്നെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 48 മണിക്കൂറിനുശേഷം അടുത്ത ചികിത്സ മതിയെന്ന് പറഞ്ഞതായി അവര്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം സിയയുടെ മുറിവുകള്‍ ഉണങ്ങിയിരുന്നു. എന്നാല്‍ പനിയും പേവിഷബാധയുടെ ലക്ഷണവുമുണ്ടായതിനെ തുടര്‍ന്ന് 23ന് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha