കേരളത്തില്‍ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ ഇനി കേരളത്തില്‍ ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പാക്കും. ഇതൊക്കെ പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നു. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിപിഐയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നായിരുന്നു പരിഹാസം.
കരിക്കുലം പരിഷ്‌കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. പിഎം ശ്രീയുടെ കരാര്‍ ഒപ്പിട്ടതില്‍ എന്തെങ്കിലും ഡീല്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീല്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. സിപിഎമ്മില്‍ കരാര്‍ ഒപ്പിട്ടത് പിണറായിയും ശിവന്‍കുട്ടിയും മാത്രമാണ് അറിഞ്ഞത്. സിപിഐഎമ്മിന്റെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല.
ശബരിമല സ്വര്‍ണ കൊള്ള വിവാദത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ രാപ്പകല്‍ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനെയും വി മുരളീധരനെയും ഒരുമിച്ചു ചേര്‍ത്ത് കെട്ടേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























