ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം

വെര്‍ച്വല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപയില്‍ ഒരു കോടി ആറു ലക്ഷം രൂപ തിരികെ പിടിച്ച് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം. എറണാകുളം സ്വദേശിയായ ഡോക്ടറില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയ തുകയാണ് സൈബര്‍ പൊലീസ് തിരികെ നേടിയിരിക്കുന്നത്. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വ്യാജേനയാണ് സംഘം വീഡിയോ കോളിലൂടെ ഡോക്ടറെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച ശേഷം 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞുവച്ചു.
ഇതേസമയം, കേസില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ പണം നല്‍കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ള പണം ഒറ്റത്തവണയായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലായ ഉടന്‍ തന്നെ അദ്ദേഹം 1930 എന്ന നമ്പറില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായി. മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത്. വെര്‍ച്വല്‍ അറസ്റ്റ് നിയമപരമല്ലെന്ന കാര്യം പലര്‍ക്കും അറിവില്ലാത്തതാണ് ഇത്തരത്തില്‍ തട്ടിപ്പുകള്‍ പെരുകാന്‍ കാരണം.
ഇത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതിപ്പെടുക. എത്രയും വേഗം തട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കിയാല്‍ പണം തിരികെ പിടിക്കാനുള്ള സാദ്ധ്യത അതനുസരിച്ച് വര്‍ദ്ധിക്കുമെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























