സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിൽ ഗൗരവമായ വീഴ്ചകളും സംശയങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി കടുത്ത പരാമർശങ്ങൾ ആണ് നടത്തിയത്. ഇപ്പോൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോയെന്ന് ഉറപ്പുവരുത്തണമെന്ന് ആണ് കോടതി നിർദ്ദേശം. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെത്തിയത്. 1999-ൽ വിജയ് മല്യ സമർപ്പിച്ച രണ്ടര കിലോ സ്വർണം പൊതിഞ്ഞ യഥാർത്ഥ പാളി തന്നെയാണോ അത് — അതോ ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയതിന്റെ പകരമാണോ എന്നത് ഉറപ്പാക്കണമെന്ന് ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ
പറയുന്നത്.
ഇപ്പോഴുള്ളത് യഥാർത്ഥ പാളിയാണോ, അല്ലെങ്കിൽ അതും ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിക്കൊണ്ട് പോയോയെന്നും അന്വേഷിക്കണം. രണ്ടര കിലോ സ്വർണം പൊതിഞ്ഞ വാതിൽ പാളിയാണ് 1999ൽ വിജയ് മല്യ നൽകിയത്. വിശ്വാസ്യതയില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയതായി പറഞ്ഞത് വെറും 34 ഗ്രാം മാത്രമുള്ള വാതിൽ പാളിയാണെന്നും, എന്നാൽ 2.5 കിലോ സ്വർണമാണ് ആദ്യം ലഭിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു. ഈ ഭീമമായ വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ അന്വേഷണവും ശാസ്ത്രീയ പരിശോധനയും വേണമെന്ന് കോടതി നിർദ്ദേശിച്ചു.
“എത്ര സ്വർണം നഷ്ടമായെന്ന് ശാസ്ത്രീയമായി പരിശോധിക്കണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തന്നെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതെന്ന് കാണുന്നതായാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി പോയ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് . ഐ.ടി.സി ഗ്രാന്റ് ചോളയിലും ടി നഗറിലെ ശബരി ഗ്രാന്റിലുമായിരുന്ന താമസം. ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള സ്യൂട്ടുകളിൽ തങ്ങിയത് ദിവസങ്ങളോളം.
ഉദ്യോഗസ്ഥർ എവിടെയാണ് തങ്ങിയതെന്നും ആരുടെ ആതിഥ്യമാണ് സ്വീകരിച്ചതെന്നും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ ഏഴിനാണ് കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികളുമായി ഇവർ ചെന്നൈയിലേക്ക് പോയത്. ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്‌പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ രാഖേഷ്, രണ്ട് പൊലീസുകാർ, ദേവസ്വം സ്മിത്ത്, രണ്ട് ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്‌പോൺസറുടെ പ്രതിനിധി എന്നിവരാണ് ഉണ്ടായിരുന്നത്.ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം ബോർഡിലെ ചില അംഗങ്ങളും ഇവിടെയെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്റ്റാർ ഹോട്ടലിൽ തങ്ങാൻ പണം ചെലവഴിച്ചത് ആരാണെന്ന് അന്വേഷിക്കും. കേസിൽ ഇതുവരെ പേരുവിവരങ്ങൾ പുറത്തുവരാത്ത ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇവർക്ക് സ്വർണക്കൊള്ളയുമായുള്ള ബന്ധവും അന്വേഷിക്കും. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡന്റുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം നീങ്ങുകയാണ്. വാസുവിനെതിരെ ഉറച്ച തെളിവുകൾ ലഭിച്ചതിനാലാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha

























