ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പദ്മകുമാർ റിമാൻഡിൽ; അയ്യപ്പസംഗമ ലക്‌ഷ്യം പാളി ; അറസ്റ്റിലായ രണ്ട് ഉന്നതരും യുവതീപ്രവേശന പ്രശ്ന കാലത്ത് തലപ്പത്തുണ്ടായിരുന്നവർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
നാലുമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ എ.പത്മകുമാറെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തി. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ. ശബരിമല സ്വർണക്കൊള്ളയിൽ സി പി എം നേതാക്കളായ വാസുവും പത്മകുമാറും അറസ്റ്റിലായതോടെപാർട്ടി പ്രതിരോധത്തിലായി.തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിരിക്കെയാണ് അറസ്റ്റ് എന്നത് തന്നെയാണ് കാരണം. പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന പത്മകുമാർ, കസ്റ്റഡിയിലെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പത്തരയോടെ ചോദ്യംചെയ്തു തുടങ്ങി. മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. തെക്കൻ കേരളത്തിൽ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളും മുൻ എംഎൽഎയുമാണ് അറസ്റ്റിലായിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംവുമായ എ.പത്മകുമാർ, കട്ടിളപ്പാളി പോറ്റിക്ക് നൽകിയത് മുൻ ദേവസ്വം മന്ത്രിയുടെ അറിവോടെയെന്ന് നിർണായക മൊഴി നൽകി എന്നാണ് റിപ്പോർട്ട്. കടകംപള്ളി സുരേന്ദ്രനായിരുന്നു അന്ന് മന്ത്രി. വാസുവിന്റെ അറസ്റ്റോടെയാണ് കവർച്ചയുടെ ബന്ധം ദേവസ്വം ബോർഡിന്റെ തലപ്പത്തേക്കെത്തുന്നത്.
പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട്, പണമിടപാട് വിവരങ്ങളും സാമ്പത്തികസ്രോതസും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുമായി ആറന്മുളയിലെ വീട്ടിലും പലവട്ടം പത്മകുമാർ കൂടിക്കാഴ്ച നടത്തി.
നേരത്തേ അറസ്റ്റിലായ 5 പേരുടെയും മൊഴികൾ പത്മകുമാറിന് എതിരാണ്. പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചതായി ബോർഡ് ഉദ്യോഗസ്ഥരും മൊഴിനൽകി. അതേസമയം, ഉദ്യോഗസ്ഥർ നൽകിയ രേഖകൾ പ്രകാരമാണ് ബോർഡ് യോഗത്തിൽ കട്ടിള കൊടുത്തുവിടാൻ തീരുമാനിച്ചതെന്ന് പത്മകുമാർ പറയുന്നു. എൻ.വാസുവിനെയും കുറ്റപ്പെടുത്തുന്നു. ശബരിമല യുവതീപ്രവേശന പ്രശ്നത്തിന്റെ കാലത്ത് ബോർഡിന്റെ തലപ്പത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായ രണ്ട് ഉന്നതരും.
സ്വർണക്കവർച്ചയിലെ അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥർക്കപ്പുറം എത്തില്ലെന്ന ആദ്യഘട്ടത്തിലെ ദേവസ്വം വകുപ്പിന്റെയും സിപിഎമ്മിന്റെയും വിശ്വാസം കൂടിയാണ് ഇപ്പോൾ തകരുന്നത്. ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ പാർട്ടിയും സർക്കാരും മുന്നിട്ടിറങ്ങിയ ഘട്ടത്തിലെ പ്രസിഡന്റ് കൂടിയാണു പത്മകുമാർ. അദ്ദേഹം എന്തൊക്കെ തുറന്നുപറയും എന്നതു സിപിഎമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുന്നുമുണ്ട്. കൂടാതെ അടുത്തെയിടെ നടത്തിയ അയ്യപ്പസംഗമത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതോടെ പൂർണമായും അവതാളത്തിലായി.
https://www.facebook.com/Malayalivartha
























