എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍, ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് മീറ്റിങ് നടത്തുക.
അവധി ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനായി എന്തെങ്കിലും ശ്രമങ്ങളുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സര്‍വീസ് സംഘടനകളും മുന്നറിയിപ്പ് നല്‍കി. രണ്ട് വര്‍ഷം മുമ്പും ഇതേ നിര്‍ദേശം പരിഗണിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ക്യാഷ്വല്‍ ലീവിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഇടത് സര്‍വീസ് സംഘടനകളുള്‍പ്പെടെ ശക്തമായി എതിര്‍ത്തു.
ഇതേത്തുടര്‍ന്ന് നിര്‍ദേശം തന്നെ പിന്‍വലിക്കുകയായിരുന്നു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ഒരു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി മാതാപിതാക്കള്‍ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുഭരണ വകുപ്പ് ചര്‍ച്ച പുനരാരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha


























