സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയെന്നുമുള്ള കേസിൽ പ്രതിയായ ഡി ജി പി ഓഫീസിലെ ജനമൈത്രി ഡയറക്ട്രേറ്റ് മുൻ സബ്ബ് ഇൻസ്പെക്ടർ ജേക്കബ്ബ് സൈമൺ ഫെബ്രുവരി 25 ന് ഹാജരാകാൻ ഉത്തരവ്. സംസ്ഥാന ഡി ജി പി , എ ഡിജിപി , ഐ ജി എന്നീ സീനിയർ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ലെറ്റർ ഹെഡ് , വ്യാജ സീൽ എന്നിവ നിർമ്മിച്ച് വ്യാജ പ്രശംസാ പത്രം , ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിച്ച് പോലിസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനായി നൽകുകയും ഡിവൈഎസ്പിയുടെ ഔദ്യോഗിക യൂണിഫോം കൈവശം വെക്കുകയും ചെയ്തുവെന്ന കേസിലാണ് പ്രതി ഹാജരാകേണ്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എം.സുജയുടേതാണുത്തരവ്. കേസന്വേഷണ ഘട്ടമായ 2021 ൽ സബ്ബ് ഇൻസ്പെക്ടർ ജേക്കബ്ബ് സൈമന് ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. സംസ്ഥാന ഡി ജി പി , എ ഡിജിപി , ഐ ജി എന്നീ സീനിയർ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ലെറ്റർ ഹെഡ് , വ്യാജ സീൽ എന്നിവ നിർമ്മിച്ച് വ്യാജ പ്രശംസാ പത്രം , ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിച്ച് പോലിസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനായി നൽകുകയും ഡിവൈഎസ്പിയുടെ ഔദ്യോഗിക യൂണിഫോം കൈവശം വെക്കുകയും ചെയ്തുവെന്ന കേസിലാണ് എസ്ഐക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. മുമ്പ് എയർപോർട്ട് ഡ്യൂട്ടി നോക്കി വരവേ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന മനുഷ്യക്കടത്ത് കേസിൽ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ് ജേക്കബ് സൈമൺ. സൈമൺ നിർമ്മിച്ചു നൽകിയ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ഗുഡ് എൻട്രി സർട്ടിഫക്കറ്റിൽ പ്രൊമോഷൻ ലഭിച്ച പോലീസുദ്യോഗസ്ഥരും കേസിൽ കൂട്ടു പ്രതികളാകുമെന്ന് മാധ്യമങ്ങളോട് വീമ്പിളക്കിയ ക്രൈംബ്രാഞ്ച് ഉന്നതരെ പ്രതിപ്പട്ടികയിൽ ചേർക്കാതെ ജേക്കബ്ബിനെ മാത്രം പ്രതിയാക്കി 2021 ലെ എഫ് ഐ ആറിൽ അറസ്റ്റ് ചെയ്യാതെ 2022 ഒക്ടോബർ 29 ന് തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം കൂടുമെന്ന ക്രൈംബ്രാഞ്ച് ഉറപ്പ് പാഴ് വാക്കായി.2021 മാർച്ച് 6 നാണ് എസ് ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡി ജി പി , എഡിജിപിമാർ , ഐ ജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും നിർമ്മിച്ചുവെന്നാണ് കണ്ടെത്തൽ. ഇവ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കുറുക്കുവഴിയിലൂടെ പ്രൊമോഷൻ നേടാനായി ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി. ഇത് ശ്രദ്ധയിൽപ്പെട്ട ഡി ജി പി ക്രൈംബ്രാഞ്ചിനോട് രഹസ്യാന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. മനുഷ്യക്കടത്തിൽ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടശേഷം ജേക്കബ്ബ് സൈമൺ ഡയറക്ടട്രേറ്റിലെ ജനമൈത്രി പോലീസ് വിഭാഗത്തിലായിരുന്നു. എസ് ഐ യുടെ കൊല്ലത്തെ വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ് ഐ യുടെ വീട്ടിൽ നിന്ന് ഡി ജി പി , എ ഡി ജി പി , ഐ ജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും പിടിച്ചെടുത്തു. ഡിവൈഎസ്പിയുടെ യൂണിഫോമും ഈ യൂണിഫോം ധരിച്ചുള്ള ചിത്രങ്ങളും കണ്ടെടുത്തു. ഇവ ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും കണ്ടെത്തി. വ്യാജ നിർമ്മാണം , ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം , പൊതു സേവകനായി ആൾമാറാട്ടം എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് 2021 ൽ എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കവേ എസ് ഐ ഒളിവിൽ പോവുകയായിരുന്നു.താൻ നിരപരാധിയും തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കളവായാണ് കേസെടുത്തത്. തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് എസ് ഐ 2021 ൽ മുൻകൂർ ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്.
"