ഡൽഹി വളഞ്ഞ് റഷ്യൻ പട...പുട്ടിൻ മോദി റഡാറിൽ 5 LEVEL സുരക്ഷാ..!പുട്ടിൻ ഇന്ത്യയിൽ നിരീക്ഷിച്ച് ട്രംപ്..!

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ‘സമാധാന പ്ലാൻ’ തുലാസിൽ നിൽക്കേ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുകതന്നെയാണ് പ്രധാന ഉദ്ദേശ്യം. നിലവിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 70 ബില്യൻ ഡോളറാണ്. ഇത് 100 ബില്യൻ ഡോളറിൽ എത്തിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. 70 ബില്യനിൽ 65 ബില്യനും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ്. ഇന്ത്യയുടെ ആകെ 5 ബില്യൻ വരുന്ന ഉൽപന്ന/സേവനങ്ങളേ റഷ്യ വാങ്ങുന്നുള്ളൂ. ഇതിൽ ഇന്ത്യയ്ക്ക് നീരസവുമുണ്ട്.
റഷ്യയുമായുള്ള വ്യാപാരക്കമ്മി ‘അസഹനീയ’മാണെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഹാരം കാണാനെന്നോണം ഇന്ത്യയുടെ കാർഷിക, സമുദ്ര ഉൽപന്നങ്ങൾക്കടക്കം റഷ്യൻ വിപണി തുറന്നുകിട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. യുക്രെയ്ൻ വിഷയവും മോദി-പുട്ടിൻ ചർച്ചയിൽ വിഷയമാകും. അതേസമയം, റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം ഉൾപ്പെടെ വാങ്ങുന്നതാകും സുപ്രധാന വിഷയം.
ഇന്ത്യ നിലവിൽ വലിയതോതിൽ വളം റഷ്യയിൽ നിന്ന് വാങ്ങുന്നുണ്ട്. രാജ്യത്തെ കാർഷിക മേഖലയ്ക്ക് അത് ഏറെ അനിവാര്യവുമാണ്. വളം, ആയുധം, ഊർജം എന്നിവയ്ക്ക് പുറമേ ഹെൽത്ത്കെയർ, വിദ്യാഭ്യാസം, സാംസ്കാരികം, മാധ്യമം തുടങ്ങിയ മേഖലകളിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. ഇതോടൊപ്പം ഡോളർ ഉൾപ്പെടെയുള്ള മറ്റു കറൻസികളെ ഒഴിവാക്കി ഉഭയകക്ഷി വ്യാപാരം കൂടുതലായും രൂപ-റൂബിൾ മാർഗത്തിലൂടെയാക്കുന്നതും ചർച്ചയാകും.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഉപരോധ പശ്ചാത്തലത്തിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് വീണ്ടും ഉഷാറായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ 2 വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്കാണ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. ഇവയിൽ നിന്ന് നേരിട്ട് വാങ്ങാതെ, ഉപരോധം ബാധകമല്ലാത്ത ഇടനിലക്കാർ വഴി ഇന്ത്യയിലേക്ക് നവംബറിന്റെ അവസാന ആഴ്ചകളിൽ വലിയതോതിൽ എണ്ണ ഇറക്കുമതി നടന്നുവെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി. നവംബറിൽ ശരാശരി 1.27 ദശലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യയിലെത്തി. നവംബറിന്റെ ആദ്യ 17 ദിവസങ്ങളിലെ ശരാശരി 6.72 ലക്ഷം ബാരൽ വീതമായിരുന്നു.
https://www.facebook.com/Malayalivartha

























