കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം

പമ്പ ചക്കുപാലത്ത് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. ചക്കുപാലത്തെ അപകടകരമായ വളവില്‍ വെച്ചാണ് ബസുകള്‍ പരസ്പരം കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ പത്തു വയസ്സുകാരി ഉള്‍പ്പെടെ 10 പേരുടെ പരിക്ക് സാരമുള്ളതാണ്.
ഗുരുതരമായി പരിക്കേറ്റ പത്തു വയസ്സുകാരിയടക്കം 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിസ്സാരമായി പരിക്കേറ്റ 20 പേരെ നിലയ്ക്കലിലെ താത്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പത്തുവയസ്സുകാരിയെ കോട്ടയത്തേക്ക് മാറ്റിയത്.
അപകടത്തെ തുടര്‍ന്ന് പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തീര്‍ത്ഥാടന സമയത്ത് പ്രധാന പാതയില്‍ ഗതാഗതം നിലച്ചത് വലിയ ആശങ്ക സൃഷ്ടിച്ചു.
സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൂട്ടിയിടിച്ച ബസുകള്‍ ക്രെയിന്‍ ഉപയോഗിച്ച് അതിവേഗം റോഡില്‍ നിന്ന് നീക്കം ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. പമ്പയില്‍ നിന്നും നിലയ്ക്കലേക്ക് ചെയിന്‍ സര്‍വീസ് നടത്തിയിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകളാണ് അപകടത്തില്‍പ്പെട്ടത്.ചക്കുപാലത്തെ കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























