കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...

കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ച നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല.
അന്ന് മുഖ്യമന്ത്രി എന്തുകൊണ്ട് ചർച്ചയ്ക്ക് വരുന്നില്ല എന്ന് ഗവർണർ ചോദിച്ചിരുന്നു. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ വിസി നിയമനത്തിന് നൽകിയതിനാൽ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
15 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സമവായം ആയില്ലെന്നാണ് വിവരം. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
അതേസമയം സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വി.സി നിയമനത്തിന് ഒറ്റപേര് വീതം സമർപ്പിക്കാനായി ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 16ന് പേരുകൾ നൽകാനാണ് ഉത്തരവ്. 17ന് കോടതി നിയമന ഉത്തരവ് പുറപ്പെടുവിക്കും.
https://www.facebook.com/Malayalivartha

























