കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി

കെഎസ്ആര്‍ടിസി ബസില്‍ നടന്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതില്‍ യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഒരു യാത്രക്കാരി പ്രതിഷേധം അറിയിച്ചതോടെ ബസിലെ മറ്റ് യാത്രക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം – തൊട്ടില്‍പാലം സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. വഴക്ക് രൂക്ഷമായപ്പോള്‍ കണ്ടക്ടര്‍ സിനമ നിര്‍ത്തിവച്ചു.
ദിലീപ് നായകനായ 'പറക്കുംതളിക' സിനിമയുടെ പ്രദര്‍ശനമാണ് തര്‍ക്കത്തിന് കാരണമായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍. ശേഖര്‍ എന്ന യുവതിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത്. ഇതിനു പിന്നാലെ മറ്റു യാത്രക്കാരും ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടര്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്ക് താല്‍പര്യമില്ലാത്ത സിനിമകള്‍ നിര്‍ബന്ധിച്ച് കാണിപ്പിക്കരുതെന്നും യുവതി പറഞ്ഞു. തന്റെ അഭിപ്രായം അറിയിച്ചതിന് ഭൂരിഭാഗം യാത്രക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്നും യുവതി പിന്നീട് വ്യക്തമാക്കി.
എന്നാല്‍ സിനിമ നിര്‍ത്തിവച്ചതിനെതിരെ നടനെ അനുകൂലിച്ച് ചില യാത്രക്കാര്‍ രംഗത്തെത്തി. കോടതി വിധി വന്ന വിഷയത്തില്‍ സംസാരിക്കുന്നതെന്തിനാണെന്ന് ചിലര്‍ വാദിച്ചു. ഇതിനു മറുപടിയായി ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ചോദ്യം ഉന്നയിച്ചവരോട് യുവതി പറഞ്ഞത്. 'കോടതിവിധികള്‍ പലതും വന്നിട്ടുണ്ട്. പക്ഷേ ദിലീപിന്റെ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ല,' എന്ന് യുവതി ഉറച്ച് പറയുകയായിരുന്നു. മറ്റ് ചില സ്ത്രീകളും യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചു.
https://www.facebook.com/Malayalivartha
























