ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

തൃശൂര്‍ പൂട്ടിക്കുമെന്ന് വെല്ലുവിളിച്ച സഖാക്കള്‍ക്ക് തിരുവനന്തപുരം പോയി. ഇനി എങ്ങനെ കേരളം പിടിക്കാമെന്നാണ് ബിജെപി ചിന്തിക്കുന്നത്. വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.
തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ വിളിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തത്. തലസ്ഥാനത്തേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.
അതിനിടെ തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ നഗരസഭയിലെ നിയുക്ത 50 കൗൺസിലർമാരും പ്രവർത്തകരുമാണ് നഗരം ചുറ്റിയത്. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നിന്ന് ആരംഭിച്ച പര്യടനം കവടിയാറിലാണ് അവസാനിച്ചത്. സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ ആരെന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന വി വി രാജേഷിനാണ് മുൻഗണന. ആർ ശ്രീലേഖയുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേസമയം തലസ്ഥാന നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാത്ത ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബി.ജെ.പിയെയോ ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യു.ഡി.എഫ് മത്സരിക്കുന്നത്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിനും യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്കും ലഭിച്ച നിരവധി സംഭവങ്ങൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം നഗരസഭയിൽ ജയിക്കാനായി എന്നത് ഒഴിച്ചാൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫാണ് ജയിച്ചത്. കുളനട, ചെറുകോൽ തുടങ്ങിയ പഞ്ചായത്തുകൾ ബി.ജെ.പിയിൽ നിന്ന് തിരിച്ചുപിടിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കി കൂടുതൽ വ ശക്തമായി ഇടപെട്ട് പോകാനാണ് പാർട്ടി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു
തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി.
ചുവപ്പിന്‍റെ തലസ്ഥാനം കാവിയണിഞ്ഞു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം പോന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു സീറ്റിന്‍റെ കുറവേ ബിജെപിക്കൊള്ളൂ. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി. നിയമസഭയിലേക്കുള്ള വോട്ടൊളിമ്പിക്സിൽ ബിജെപിയുടെ പ്രധാനവേദി ഇനി തിരുവനന്തപുരമാവും. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കൽ പരീക്ഷണത്തിനും സാധ്യതയുണ്ട്.
വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല. പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവാണ്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു. കെ എസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു. രണ്ട് വാർഡുകളിൽ സ്വതന്ത്രരാണ് വിജയികൾ. അവരിൽ ഒരാൾ പിന്തുണച്ചാൽ ബിജെപിക്ക് ഭരിക്കാൻ തലവേദനയില്ല.
അതേസമയം തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.
2026ൽ നൂറു സീറ്റിൽ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽഡിഎഫിനെ കൈവിട്ടു. തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് വിലയിരുത്തുകയാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായി. വിഷയത്തിലുണ്ടായ ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല. അടിസ്ഥാന വോട്ടിൽ വരെ വിവാദം വിള്ളലുണ്ടാക്കി. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.
ആഗോള അയ്യപ്പ സംഗമവും ഗുണം ചെയ്തില്ല. ഭൂരിപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കവും വിപരീത ഫലം ഉണ്ടാക്കി. ന്യൂനപക്ഷങ്ങള്‍ക്കിടയിൽ ഇടത് വിരുദ്ധ വികാരം ഉണ്ടായെന്നും ന്യൂനപക്ഷ വോട്ട് യുഡിഎഫിന് അനുകൂലമായെന്നും സിപിഎം വിലയിരുത്തുന്നു. സിപിഎം നേതൃത്വമാണ് ഇതുസംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തിയത്. അതേസമയം, തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോഴിക്കോട് മേയറടക്കമുള്ള സ്ഥാനങ്ങളും ചര്‍ച്ചയാകും. തിരുവനന്തപുരത്തും കൊല്ലത്തുമടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താൻ എൽഡിഎഫ് ചൊവ്വാഴ്ച നേതൃയോഗം ചേരുന്നുണ്ട്.
മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തൽ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനങ്ങളും യോഗത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎമ്മിന്‍റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. ഇതിനിടെ, കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയും എൽഡിഎഫ് ഗൗരവത്തോടെ പരിശോധിക്കും. കാൽനൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിനിടെ ക്ഷേമപെൻഷൻ വർധനയും അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ജനം ചെവികൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ പോലെ തന്നെ അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ, സിപിഎം വിരുദ്ധ നിലപാടിലായിരുന്നു വോട്ടര്‍മാരെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. തുടര്‍ഭരണം ഉണ്ടാക്കിയ അഹങ്കാരം മുതല്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏകപക്ഷീയ നടപടികള്‍ വരെ ജനങ്ങളെ വെറുപ്പിച്ചുവെന്ന അഭിപ്രായവും പലകോണിൽ നിന്ന് ഉയരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള വാര്‍ത്തകളും സംഭവങ്ങളും പരാജയത്തിന്‍റെ ആഘാതം കൂട്ടി. മുഖ്യമന്ത്രിയോടും സിപിഎം നേതൃത്വത്തോടും ഏറ്റവും അടുപ്പമുള്ള രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്‍മാര്‍ ജയിലിലായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയത്. പത്മകുമാറിനെതിരെ ചെറിയൊരു നടപടിയെടുക്കാത്തത് പോലും ജനരോഷം ഇരട്ടിപ്പിച്ചു. ഇത് മറയ്ക്കാനായി രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയം പരമാവധി പ്രചരിപ്പിച്ചെങ്കിലും ഏശിയില്ല. അതേസമയം, ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ തള്ളിപറഞ്ഞ് കോണ്‍ഗ്രസ് സ്കോര്‍ ചെയ്യുകയും ചെയ്തു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30ന് പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം എന്നാണ് ആവശ്യം. ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
അതേസമയം കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി. കഴിഞ്ഞ ആഴ്ച്ച നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരുന്നില്ല എന്ന് ഗവർണർ ചോദിച്ചിരുന്നു. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ വിസി നിയമനത്തിന് നൽകിയതിനാൽ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സമവായം ആയില്ല എന്നാണ് വിവരം. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
"https://www.facebook.com/Malayalivartha

























