പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍

ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടും പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഭവം പിണറായി വിജയന്‍ പോലീസിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പോലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യയെ ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. 2024ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാതെ അത് ഒളിച്ചുവെച്ചു. ഒരു പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
'കുറ്റവാളികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പോലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം,' പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജയിലുകളിലെ ഗുരുതര ക്രമക്കേടുകളും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. ക്രിമിനലുകളില്‍നിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ടി.പി. കേസിലെ പ്രതികളെ വരെ പരോളില്‍ വിടുകയാണ്.
പണം നല്‍കിയാല്‍ കൊടും ക്രിമിനലുകള്‍ക്ക് ജയിലില്‍നിന്ന് വീട്ടില്‍ പോയി ഇരിക്കാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























