വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് ആര്‍ എസ് എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സ്. വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘ ശാഖകള്‍ ഇവിടെ ഉണ്ടാക്കി എന്നഹങ്കരിച്ചു.
പക്ഷേ നാടിന്‍റെ പിന്തുണയോ ജനങ്ങളുടെ അനുഭാവമോ ആര്‍ജിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന്‍റെ മറ്റു പലഭാഗത്തും സ്വന്തമാക്കി എന്ന് ആര്‍ എസ് എസ് അഹങ്കരിക്കുന്ന വിജയങ്ങളും അവര്‍ക്കുണ്ടായില്ല. അങ്ങനെയുള്ള പരാജയങ്ങളുടെയും തിരിച്ചടികളുടെയും നൈരാശ്യത്തിന്‍റെ ചരിത്രം മാറ്റാനാണ് രാജ്യത്തിന്‍റെ ഭരണാധികാരം എന്ന ആയുധം അവര്‍ പ്രയോഗിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ധനകാര്യ ബന്ധങ്ങള്‍ എങ്ങനെ ആകാന്‍ പാടില്ല എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഓരോ നീക്കവും.
മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്.
ഗ്യാരന്‍റിയും വായ്പയും രണ്ടാണെന്ന് 1999ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‍റെ വായ്പാ പരിധിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്നത്. കിഫ്ബിക്ക് നല്‍കുന്ന ഗ്യാരന്‍റിയെ സംസ്ഥാനത്തിന്‍റെ വായ്പയായി ബോധപൂര്‍വ്വം കണക്കാക്കുന്ന വികലമായ സമീപനത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വായ്പാ പരിധി വെട്ടിക്കുറവ്.
https://www.facebook.com/Malayalivartha

























