കരൂര്‍ ദുരന്തത്തില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് സിബിഐ

തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരൂര്‍ ദുരന്തത്തില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് സിബിഐ. ജനുവരി 11ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ ആസ്ഥാനമായ ഡല്‍ഹിയില്‍ എത്താനാണ് നോട്ടീസിലുള്ളത്.
സെപ്തംബര്‍ 27ന് ടിവികെ നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യഘട്ടത്തില്‍ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ പിന്തുണയ്ക്കുന്ന വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ ടിവികെ ഹാജരാക്കിയിട്ടുണ്ട്.
ടിവികെ പാര്‍ട്ടിയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ കേന്ദ്ര ഏജന്‍സിയുടെ ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്‌മേന്റ് ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി (ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ) സി.ടി.ആര്‍ നിര്‍മ്മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകന്‍ തുടങ്ങിയരില്‍ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം. കരൂര്‍ ജില്ലാ കളക്ടര്‍ എം. തങ്കവേല്‍, കരൂര്‍ സിറ്റി എസ്.പി മണിവണ്ണന്‍, എ.എസ്.പി പ്രേമാനന്ദന്‍ തുടങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്നും സിബിഐ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ സിബിഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡല്‍ഹിക്ക് വിളിച്ചുവരുത്തുന്നതില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























