മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീടിന്റെ എക്‌സോസ്റ്റ് ഫാന്‍ ഹോളില്‍ കുടുങ്ങി

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് എക്‌സോസ്റ്റ് ഫാന്‍ വെക്കാനായി ഇട്ടിരുന്ന ചെറിയ ഹോളിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ച കള്ളന്‍ കുടുങ്ങി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ടയിലെ പ്രതാപ് നഗര്‍ നിവാസിയായ സുഭാഷ് കുമാര്‍ റാവത്തിന്റെ വീട്ടിലാണ് നാടകീയമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി സുഭാഷ് കുമാര്‍ റാവത്തും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിചിത്രമായ ആ കാഴ്ച കണ്ടത്. തങ്ങളുടെ വീടിന്റെ എക്‌സോസ്റ്റ് ഫാന്‍ ഇരുന്ന ദ്വാരത്തില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു. നിലത്തുനിന്ന് ഏകദേശം പത്തടി ഉയരത്തിലുള്ള ഈ ദ്വാരത്തില്‍ കള്ളന്റെ തലയും കൈകളും വീടിനുള്ളിലും ബാക്കി ഭാഗം പുറത്തു തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.
റാവത്തും ഭാര്യയും ബഹളം വെച്ചതോടെ പരിഭ്രാന്തനായ കള്ളന്‍ രക്ഷപ്പെടാന്‍ കഴിയാതെ അവിടെത്തന്നെ കിടന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ദമ്പതികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ കൂട്ടാളികള്‍ പുറത്തുണ്ടെന്നും അവനെ വിട്ടില്ലെങ്കില്‍ ദമ്പതികളെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ദമ്പതികള്‍ ഉടന്‍ തന്നെ ബോര്‍ഖേഡ പോലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തിയപ്പോള്‍ കണ്ടത് കമ്പിയില്‍ തൂങ്ങിക്കിടന്ന് കരയുന്ന കള്ളനെയാണ്. ഒടുവില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പുറത്തുനിന്നും രണ്ട് പേര്‍ അകത്തുനിന്നും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പുറത്തെടുക്കുന്നതിനിടെ വേദന കൊണ്ട് കള്ളന്‍ നിലവിളിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.facebook.com/Malayalivartha
























