കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം. ഒന്നര വയസ്സുള്ള ഇവാന്‍ ആണ് കാറിനുള്ളില്‍ കുടുങ്ങിയത്. കുട്ടി കാറിനുള്ളില്‍ കുടുങ്ങിയെന്ന് മനസ്സിലായ മാതാപിതാക്കള്‍ ഉടന്‍തന്നെ അഗ്‌നശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി ഭയപ്പെടുത്താതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളായ കിരണ്‍ മാത്യുവും അനീറ്റയും.
കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. കാറിന്റെ ഓട്ടോമാറ്റിക് സംവിധാനമുള്ള ഡോര്‍ തകരാറിലായതോടെയാണ് കുട്ടി അകത്ത് കുടുങ്ങിയത്. ഡോര്‍ തുറക്കാനുള്ള ശ്രമത്തിനിടെ കുട്ടി കരയുന്നതും ഈ സമയത്ത് 'തുറക്കുവാട മോനെ ഒന്നുമില്ല പേടിക്കല്ലേ' എന്ന് പറഞ്ഞ് അമ്മ അവനെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാനാകും.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുട്ടി കുടുങ്ങിയത്. ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിലേക്ക് ഇവാന്‍ കാറിന്റെ താക്കോലുമായി കയറുകയായിരുന്നു. പിന്നാലെ കാറിന്റെ ഡോര്‍ ലോക്ക് ആയതോടെ ഇവാന്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയ അഗ്‌നിശമനസേനയെ നിരവധിപേര്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ കുട്ടി കുടുങ്ങിപ്പോയതിന് പിന്നാലെ ഉടനെ തന്നെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തിയില്ലെന്ന് ആരോപിച്ച് വിമര്‍ശനമുന്നയിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha


























