ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന: സംസ്ഥാനത്തിനകത്തും പുറത്തുമായി 21 ഇടങ്ങളിൽ റെയ്ഡ്; സഹോദരിയുടെ വീട്ടിലേയ്ക്ക് മാറിയ അമ്മയെ മണിക്കൂറുകൾക്കൊടുവിൽ വിളിച്ചുവരുത്തി വീട് തുറന്ന് പരിശോധന: ഓപ്പറേഷൻ ഗോൾഡൻ ഷാഡോ തുടരുന്നു...

ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വസതി ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി 21 ഇടങ്ങളിൽ റെയ്ഡ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന തുടങ്ങി. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇ ഡി സംഘത്തിന് വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞത്. സംഘം എത്തുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോറ്റിയുടെ അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു. ഏറെ ശ്രമിച്ച ശേഷമായിരുന്നു പോറ്റിയുടെ അമ്മയെ ഇ ഡി സംഘത്തിന് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഒടുവിൽ എട്ടരയോടെ പോറ്റിയുടെ അമ്മ എത്തുകയും വീട് തുറന്നുകൊടുക്കുകയുമായിരുന്നു.
മറ്റ് പ്രതികളുടെ വീട്ടിലെത്തിയതിന് സമാനമായി ഏഴ് മണി കഴിഞ്ഞാണ് ഇ ഡി സംഘം പോറ്റിയുടെ വീട്ടിലെത്തിയത്. വീട് പൂട്ടിക്കിടക്കുന്ന നിലയിലായതിനാൽ ഇ ഡി സംഘം സമീപവാസികളോട് കാര്യം അന്വേഷിച്ചു. സമീപവാസികളാണ് പോറ്റിയുടെ അമ്മ ബന്ധുവീട്ടിലാണെന്ന് അറിയിച്ചത്. തുടർന്ന് ഇ ഡി സംഘം പോറ്റിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമം നടത്തി. പല നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചിട്ടും പോറ്റിയുടെ അമ്മ ആദ്യം ഫോണ്‍ എടുത്തിരുന്നില്ല. ഒടുവിൽ ഫോൺ എടുക്കുകയും വീട് തുറന്നുകൊടുക്കുകയുമായിരുന്നു.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡി റെയ്ഡ് നടത്തുന്നത് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരില്‍ ആണ്. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ നടക്കുകയാണ്. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തിഎന്നിവ കണ്ടെത്തുന്നതിനുമാണ് പരിശോധന എന്ന് ഇഡി വ്യക്തമാക്കി. കൂടാതെ ശബരിമലയിലെ മറ്റ് ക്രമക്കേടും വാജി വാഹന കൈമാറ്റവും ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്.
കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡി നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടക്കുന്നത്.
നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























