ദീപക്കിന്റെ ആത്മഹത്യയില്‍ ചര്‍ച്ചയായി ആസിഫ് അലിയുടെ 'സഹദേവന്‍'എന്ന കഥാപാത്രം

ബസില്‍ ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസടുത്തത്.
സംഭവത്തിന് പിന്നാലെ ആസിഫ് അലി നായകനായി എത്തിയ 'ആഭ്യന്തര കുറ്റവാളി' എന്ന ചിത്രവും അതിലെ സഹദേവന്‍ എന്ന കഥാപാത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഭാര്യ നല്‍കിയ വ്യാജ പരാതിയില്‍പ്പെട്ട് കഴിയുന്ന സഹദേവന്‍ എന്ന യുവാവിന്റെ കഥയാണ് ആഭ്യന്തര കുറ്റവാളി പറഞ്ഞത്. സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ കോടതി മുറയില്‍ സഹദേവന്‍ സ്വയം വാദിക്കുന്ന രംഗമുണ്ട്. ഈ ഭാഗം ഉള്‍ക്കൊള്ളുന്ന വീഡിയോയാണ് ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'സ്ത്രീ സംരംക്ഷണത്തിന് വേണ്ടിയാണ് സാറേ ഈ വകുപ്പ്. അല്ലാതെ പുരുഷന്മാരെ നശിപ്പിക്കാന്‍ വേണ്ടിയിട്ടല്ലെന്ന് അറിയാതെ പറഞ്ഞ് പോവുകയാണ്. ഒരു കക്ഷണം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു. പ്രതികരിക്കരുത്. കാരണം മരിച്ചത് ഒരു പുരുഷനാണ്', എന്നാണ് സഹദേവന്‍ കോടതി മുറയില്‍ പറഞ്ഞ വാക്കുകള്‍.
ഈ വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപക്കിന് നീതി വാങ്ങി നല്‍കണമെന്നാണ് ഇവര്‍ ഓരോരുത്തരും ഒറ്റ സ്വരത്തില്‍ പറയുന്നത്. 'അവള്‍ക്കൊപ്പമല്ല. അവനൊപ്പം, എല്ലാ ആണുങ്ങളും നല്ലതല്ല. അതുപോലെ എല്ലാ പെണ്ണുങ്ങളും നല്ലതല്ല. പക്ഷേ നിയമം പെണ്ണിന്റെ കൂടെ മാത്രം, മരിച്ചതല്ലലോ കൊന്നത് അല്ലെ, അല്ലേലും ആണൊരുത്തനു എന്തെങ്കിലും പറ്റിയാല്‍ ആരു ചോദിക്കാന്‍ വരാനാ?, പ്രതികരിക്കാന്‍ പാടില്ല. കാരണം അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്ന റീച്ച് ഒന്നും ഇതിന് കിട്ടില്ല', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സേതുനാഥ് പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ആഭ്യന്തര കുറ്റവാളി. 2025 ജൂണില്‍ ആയിരുന്നു റിലീസ്. സ്ത്രീകള്‍ നല്‍കുന്ന വ്യാജ പരാതികളും അതിന്റെ പേരില്‍ പുരുഷന്മാര്‍ നേരിടേണ്ടി വരുന്ന മാനസികമായ സംഘര്‍ഷങ്ങളും എടുത്തു കാട്ടിയ സിനിമ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
https://www.facebook.com/Malayalivartha























