വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണയായിരിക്കുന്നത്. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും.
മാസങ്ങൾക്ക് മുൻപ് തുടങ്ങിയ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാൽ പൂർത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് തീരുമാനമറിയിച്ചത്.
പൂരം ആചാരപരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വവും അറിയിച്ചിട്ടുള്ളത്. 24വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.
ഇന്ന് നടക്കുന്ന യോഗത്തിൽ ഈ തീരുമാനമറിയിക്കും. അതിനുശേഷമായിരിക്കും ഇക്കാര്യത്തിൽ ഇരു ദേവസ്വവും അന്തിമതീരുമാനം അറിയിക്കുക. സംസ്ഥാന തലത്തിൽ മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തിൽ ചർച്ച നടക്കും. തൃശൂർ കലക്ടറേറ്റിൽ വച്ചാണ് യോഗം നടക്കുക. ഇതിലെടുക്കുന്ന തീരുമാനമെന്തായാലും അതുമായി മുന്നോട്ട് പോകാനായി തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്ഫോടനമുണ്ടായത്. 14 പേർ ഇതിനകം മരണമടഞ്ഞു. 12 പേർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha
























