ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം

ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. മേയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങള്‍ തിയേറ്ററിലും ഒ.ടി.ടിയിലും വന്‍ഹിറ്റായതിനാല്‍ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 3ക്ക് റിലീസിന് മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വില്പനയുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ , നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി പരിഗണിച്ച കോടതി ദൃശ്യം 2യുടെ ഒ.ടി.ടി കരാറില്‍ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുന്നത് താത്കാലികമായി വിലക്കി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ദൃശ്യം 3യുടെ ഡിജിറ്റല്‍ റൈറ്റ്‌സില്‍ അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ രംഗത്തെത്തിയിരുന്നു. ദൃശ്യം 3ന്റെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്നാണ് ഈ മാസം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രസ്താവനയില്‍ പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്‌സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.
ഡിജിറ്റല്‍ റൈറ്റ്‌സിലെ വിവിധ വിഭാഗങ്ങളായ എസ്.വി.ഒ.ഡി, ടി.വി.ഒ.ഡി, എ.വി.ഒ.ഡി, എഫ്.വി.ഒ.ഡി, ഇ.എസ്.ടി റൈറ്റ്‌സുകള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും ഇവയുടെ തുടര്‍ന്നുള്ള വില്പനയ്ക്ക് ആശീര്‍വാദ് സിനിമാസ് അടക്കം മറ്റാര്‍ക്കും അവകാശമില്ലെന്നും പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























