ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം.... മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം. മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് സൂചന.
രണ്ടരവർഷം മുൻപ് അരയ്ക്കു താഴെ തളർന്നു പോയ ഇവർ തുടർച്ചികിത്സയിലായിരുന്നു. ആറുമാസം കൂടുമ്പോൾ എടുക്കേണ്ട ഇഞ്ചക്ഷനും പരിശോധനയ്ക്കുമായി ഏപ്രിൽ 16-ന് ആശുപത്രിയിലെത്തിയിരുന്നു.
കഴിഞ്ഞ രണ്ടിന് വീട്ടിൽ തിരികെയെത്തിയെങ്കിലും അവിടെവെച്ച് ശേഖരിച്ച രക്തസാംപിളിന്റെ പരിശോധനാഫലം പോസിറ്റീവായി. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം സാധാരണ ബാധിക്കാറുള്ളത്. എന്നാൽ, ഇങ്ങനെ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തുമെന്നാണ് സൂചനകളുള്ളത്.
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























