ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം: സഹോദരി ഭർത്താവ് പിടിയിൽ....

ഇടുക്കി ആനയിറങ്കലിൽ വീട്ടമ്മയെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗൻമോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരി ഭർത്താവ് രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ശാന്തിയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തിക്ക് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നതിനാൽ കുഴഞ്ഞുവീണതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണം എന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഊർജ്ജിതമായത്.
സംഭവദിവസം രാമകൃഷ്ണൻ വീട്ടിലെത്തി ആണി ചോദിച്ചിരുന്നതായി ശാന്തി ഭർത്താവിനോട് ഫോണിൽ പറഞ്ഞിരുന്നു. ഈ മൊഴിയാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ രാമകൃഷ്ണൻ, കഴുത്തിൽ തോർത്ത് മുറുക്കി ശാന്തിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അസ്വാഭാവിക മരണമെന്ന് കരുതിയ കേസിൽ ശാന്തൻപാറ പോലീസിന്റെ കൃത്യമായ ഇടപെടലാണ് പ്രതിയെ ഉടൻ വലയിലാക്കാൻ സഹായിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























