വാടാനപ്പിള്ളിയില്‍ സുനിതയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കൃഷ്ണ പിടിയില്‍

നായവളര്‍ത്തല്‍ കേന്ദ്രത്തില്‍വച്ച് വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ മറ്റു രണ്ട് യുവതികള്‍ക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയെ അതിക്രൂരമായി ദീപക് കൃഷ്ണന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
നായവളര്‍ത്തല്‍ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടില്‍ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്‌ക്കൊപ്പം ബന്ധുവായ പെണ്‍കുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും പോയിരുന്നു. ദീപക് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ജോലി മതിയാക്കുകയാണെന്ന് ഇവര്‍ അറിയിച്ചു. ഇതോടെയാണു ദേഹോപദ്രവത്തിന്റെ തുടക്കം. നാട്ടിലേക്കു മടങ്ങുകയാണ് എന്ന വിവരം മേയ് മൂന്നിനു വൈകിട്ട് ഇവര്‍ ദീപക്കിനെ അറിയിച്ചതിനു പിന്നാലെ മൃഗീയമായ ഉപദ്രവമുണ്ടായി. സുനിത അബോധാവസ്ഥയിലായപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.
ഇവര്‍ പൊലീസിനെ അറിയിച്ചപ്പോള്‍ 2 പൊലീസുകാര്‍ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി സുനിതയെ ആശുപത്രിയിലാക്കി. വിവരമറിഞ്ഞു ഭര്‍ത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു. ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നാണു വിവരം. 2017ല്‍ ദുബായില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയില്‍ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകള്‍ കീറിയെറിഞ്ഞതിനും ദീപക്കിന് എതിരെ കേസുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കേസുണ്ട്.
https://www.facebook.com/Malayalivartha
























