ടൗണ്‍ഷിപ് പദ്ധതി പ്രദേശത്ത് കനത്ത മഴയില്‍ വീടിന്റെ മുറ്റത്ത് അടിഞ്ഞ് കൂടിയ ചെളി

ടൗണ്‍ഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടിയിട്ട മണ്ണ് കനത്തു പെയ്ത മഴയെ തുടര്‍ന്ന് ഒലിച്ചെത്തി ടൗണ്‍ഷിപ്പിനോടു ചേര്‍ന്നുള്ള വീടുകളുടെ മുറ്റത്ത് അടിഞ്ഞുകൂടി. 'ലോഡ് കണക്കിന് ചെളിയാണ് ഒറ്റമഴയില്‍ ഒലിച്ചുവന്നത്, മിനിറ്റുകള്‍ കൊണ്ടു വീട്ടുപരിസരം ചെളിക്കൂമ്പാരമായി, വീടിനുള്ളില്‍ വരെ ചെളിയെത്തി, വേനല്‍ മഴയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ, ആലോചിക്കുമ്പോഴേ നെഞ്ചിടിക്കുകയാണ്– ടൗണ്‍ഷിപ് പദ്ധതി പ്രദേശത്തെ ആനേടത്ത് സുജാത ആശങ്കയോടെ പറയുന്നു. ചൊവ്വ വൈകിട്ടോടെ പെയ്ത വേനല്‍മഴയില്‍ സുജാതയുടേത് അടക്കം പ്രദേശത്തെ 10ലധികം വീടുകളിലാണു ചെളിയും വെള്ളവും കയറിയത്. കനത്ത മഴയില്‍ ടൗണ്‍ഷിപ് പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന കൂറ്റന്‍ മണ്‍കൂനകള്‍ ഒലിച്ചിറങ്ങി വീടുകളിലേക്ക് എത്തുകയായിരുന്നു. പരിസരമാകെ ചെളിയും വെള്ളവും നിറഞ്ഞതോടെ പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി.
മണ്ണ് ഒലിച്ചെത്തി സമീപത്തെ തോടുകളിലേക്കും വ്യാപിച്ചു. ഇതോടെ തോടുകള്‍ക്ക് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മഴ മാറിയതിനു ശേഷം വെള്ളവും ചെളിയും നീക്കം ചെയ്തതിനു ശേഷമാണ് പലര്‍ക്കും പുറത്തിറങ്ങാനായത്. അശാസ്ത്രീയമായ നിര്‍മാണങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആവശ്യമായ സുരക്ഷാ മതിലുകള്‍ നിര്‍മിക്കാതെയാണു ടൗണ്‍ഷിപ് നിര്‍മാണം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ആവശ്യമായ സുരക്ഷ ഒരുക്കുമെന്നു അന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഇന്നലെ രാവിലെയോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി അധികൃതര്‍ സ്ഥലത്തെത്തി ചെളി നീക്കം ചെയ്തു. കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സ്ഥലം സന്ദര്‍ശിച്ചു. ഉച്ചയോടെ കലക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ടൗണ്‍ഷിപ്പിന് സമീപത്തെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കര്‍മ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. പലയിടങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വെള്ളക്കെട്ട് ഭീഷണി ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി.
ടൗണ്‍ഷിപ്പിലെ ഓടകളും തോടുകളും അടിയന്തരമായി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകാന്‍ സൗകര്യമൊരുക്കാന്‍ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കെട്ട് തടയുന്നതിനായി ശാസ്ത്രീയമായ ഓവുചാല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ പ്രപ്പോസല്‍ തയാറാക്കും. നഗരസഭ, കെഎസ്ഇബി, വിവിധ വകുപ്പുകള്‍, യുഎല്‍സിസി എന്നിവര്‍ ഏകോപിതമായി പ്രവര്‍ത്തിക്കും. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിനൊപ്പം ശാശ്വതമായ പരിഹാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ നഗരസഭാധ്യധ്യക്ഷന്‍ പി. വിശ്വനാഥന്‍, ടൗണ്‍ഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ.ജെ.ഒ.അരുണ്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡപ്യൂട്ടി കലക്ടര്‍ എം.കെ.ഇന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























