ഭാര്യയുമായി ഹണിമൂണ്‍ പോകാന്‍ മോഷണം : വയോധികയുടെ കൊലപാതകത്തില്‍ നവവരന്‍ പിടിയില്‍

തിരുച്ചിറപ്പള്ളി മെയിന്‍ റോഡില്‍ രാമനാഥപുരത്ത് ഫ്‌ലാറ്റില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ മാത്തൂര്‍ അയ്യനാര്‍ കോവില്‍ തെരുവില്‍ പി. രഞ്ജിത്ത് കുമാര്‍ (24) ആണ് കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഭാര്യയുമായി ടൂര്‍ പോകുന്നതിനിടെ രാമേശ്വരത്താണ് പൊലീസ് രഞ്ജിത്തിനെ വളഞ്ഞത്.
ഇക്കഴിഞ്ഞ 3ന് രാവിലെയാണ് സുങ്കത്തിന് സമീപം അപ്പാര്‍ട്‌മെന്റില്‍ തനിച്ച് താമസിച്ചിരുന്ന ടി.ഗോമതി (69)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ കണ്ണാശുപത്രിയില്‍ കാണിക്കാനായി വിദേശത്തുനിന്നെത്തിയ മകള്‍ വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടര പവന്റെ മാല കാണാതായിരുന്നു. 4 പ്രത്യേകാന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
മൂന്നു മാസം മുന്‍പ് വിവാഹിതനായ രഞ്ജിത്ത് ഇസ്തിരിത്തൊഴിലാളിയായിരുന്നു. പ്രദേശത്തെ അപ്പാര്‍ട്‌മെന്റുകളില്‍ നേരിട്ടെത്തി തുണികള്‍ വാങ്ങുകയും അലക്കി ഇസ്തിരിയിട്ട് നല്‍കുകയും ചെയ്തിരുന്നതിന്റെ പരിചയത്തിലാണ് ഫ്‌ലാറ്റിനകത്ത് കടന്നത്. പ്രതി ഭാര്യയുമായി രാമനാഥപുരത്ത് 80 അടി റോഡിലാണ് താമസം. 2ന് വൈകിട്ട് തുണി തിരിച്ചു നല്‍കാനായി ഫ്‌ലാറ്റില്‍ എത്തിയശേഷം മാല കവരാന്‍ ശ്രമിക്കുന്നതിനിടെ ഒച്ചയുണ്ടാക്കിയതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് പ്രതി മൊഴി നല്‍കി.
വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുമായി ടൂര്‍ പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മാല കവര്‍ന്നത്. 2 ലക്ഷം രൂപയ്ക്ക് പണയം വച്ച് യാത്ര പോവുകയായിരുന്നു. മുന്‍ റജിസ്ട്രാറായ ഭര്‍ത്താവ് തങ്കരാജ് 10 വര്‍ഷം മുന്‍പു മരിച്ചതിനു ശേഷം ഗോമതി തനിച്ചായിരുന്നു താമസം. രണ്ടു മക്കളും വിദേശത്താണ്.
https://www.facebook.com/Malayalivartha
























