ആശുപത്രിയില്‍ ഉപേക്ഷിക്കുന്നവരെ സംരക്ഷിക്കാന്‍ ജില്ലകളില്‍ ഒരു സ്ഥാപനമെങ്കിലും ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെട്ട് അവശത അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിന് ഒരു ജില്ലയില്‍ ഒരു സ്ഥാപനമെങ്കിലും ആരംഭിക്കണമെന്ന സാമൂഹികനീതി വകുപ്പിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന രോഗികളെ സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കൂടുതല്‍ സന്നദ്ധ സംഘനടകള്‍ക്ക് ഗ്രാന്റ് നല്‍കി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരെയും രോഗം ഭേദമായ ശേഷം ബന്ധുക്കള്‍ ഏറ്റെടുക്കാത്തവരെയും സംരക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിലും ദുര്‍ബല ജനവിഭാഗം പദ്ധതി വ്യാപിപ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സാമൂഹികനീതി വകുപ്പ് ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
ആരുമില്ലാത്തവരെ സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് ദുര്‍ബലജനവിഭാഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ് നല്‍കുന്നതായി സാമൂഹികനീതി വകുപ്പ് കമ്മീഷനെ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ജില്ലയില്‍ ഒരു സ്ഥാപനത്തിനായി സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 16 വൃദ്ധസദനങ്ങളും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ 600 ഓളം സ്ഥാപനങ്ങളിലും കിടപ്പിലായവരെ പരിചരിക്കാന്‍ മനുഷ്യവിഭവ ശേഷി ഇല്ലാത്തതിനാല്‍ സേവനം പരിമിതമായി മാത്രമാണ് നല്‍കാന്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























