ഹോര്‍മുസില്‍ ചിതറും ഇറാന്‍ ഒടുക്കം കണ്ടേ മടങ്ങൂവെന്ന് ട്രംപ് ! സിംഹം പല്ല് കാട്ടുന്നത് ചിരിക്കാനല്ല, ടെഹ്‌റാനില്‍ ഇടിമുഴക്കം; നശിക്കും

ഇറാനിലെ ഖേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഇവിടെനിന്നു സ്ഫോടനശബ്ദം കേട്ടെന്നും ഡ്രോൺ ആക്രമണങ്ങളുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ സൈന്യവും തിരിച്ചടിച്ചു. രണ്ടു ഡ്രോണുകളെ ഇറാൻ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. യുഎസിന്റെ മൂന്ന് ഡിസ്ട്രോയർ കപ്പലുകൾ ലക്ഷ്യമിട്ടെത്തിയ ഇറാൻ കപ്പലുകളെ യുഎസ് സേന തകർത്തെന്ന് ഡോണൾഡ് ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ‘അമേരിക്കയുടെ മൂന്ന് ലോകോത്തര നാവിക ഡിസ്ട്രോയർ കപ്പലുകൾ വെടിവയ്പിനിടയിലൂടെ വിജയകരമായി ഹോർമുസ് കടലിടുക്ക് കടന്നു. അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമുണ്ടായില്ല, എന്നാൽ ആക്രമിക്കാൻ വന്ന ഇറാൻ കപ്പലുകൾക്ക് സമ്പൂർണ നാശമുണ്ടായിട്ടുണ്ട്.’ – ട്രംപ് കുറിച്ചു. അതേസമയം, ഇറാനുമായി ഹോർമുസിലുണ്ടായ ഏറ്റുമുട്ടൽ ഒരു ‘സ്നേഹത്തല്ല്’ ആയിരുന്നെന്നും വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് എബിസി ന്യൂസിനോട് പ്രതികരിച്ചു.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നും ഇത് പ്രതിരോധപരമായ നീക്കമാണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ഇറാനിയൻ ആക്രമണങ്ങൾക്കുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ സൈനിക നീക്കത്തെ 'സ്നേഹപൂർവമുള്ള ആക്രമണം' എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ പ്രകോപനം തുടരുകയാണെങ്കിൽ ഇതിലും ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എത്രയുംവേഗം സമാധാന കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇതിലും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഈ ആക്രമണം യുദ്ധത്തിന്റെ പുനരാരംഭമോ വെടിനിർത്തൽ കരാറിന്റെ ലംഘനമോ അല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
സമാധാന കരാറിൽ ഉടൻ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
എന്നാൽ, ഹോർമുസിലേക്ക് വരുകയായിരുന്ന ഒരു എണ്ണക്കപ്പലിനെയും ഫുജൈറ തുറമുഖത്തിനു സമീപം വച്ച് മറ്റൊരു കപ്പലിനെയും യുഎസ് ആക്രമിച്ചതായി ഇറാൻ പറഞ്ഞു. ബന്ദർ ഖാമിർ, സിറിക്, ഖേഷം ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ ചില രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് ആക്രമണം നടത്തിയെന്നും ഇറാൻ സൈനിക വക്താവ് ആരോപിച്ചു. ഇറാനെ സിംഹത്തോട് ഉപമിച്ചുകൊണ്ടുള്ള പ്രസ്താവനയും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഖയി നടത്തി. ‘സിംഹം പല്ല് കൂർപ്പിക്കുന്നതിനെ ചിരിയായി തെറ്റിദ്ധരിക്കരുത്’ – എന്ന് ബാഖയി പറഞ്ഞു. അതിനിടെ, യുഎഇയിൽ വീണ്ടും ഇറാന്റെ വ്യോമാക്രമണമുണ്ടായി. മിസൈലാക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാനും മന്ത്രാലയം ജാഗ്രത നിർദേശം നൽകി.
ഏറ്റുമുട്ടലുകൾ നടന്നെങ്കിലും ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങാൻ താല്പര്യമില്ലെന്ന് വാഷിംഗ്ടണും ടെഹ്‌റാനും സൂചിപ്പിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ഇറാൻ അധികൃതർ പിന്നീട് അറിയിച്ചു. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും ഗൾഫ് മേഖലയിൽ സ്ഥിരത കൊണ്ടുവരാനുമുള്ള മൂന്ന് ഘട്ടങ്ങളായുള്ള സമാധാന നിർദ്ദേശത്തിന് ഇറാൻ നൽകുന്ന മറുപടിക്കായി കാത്തിരിക്കുകയാണ് വാഷിംഗ്ടൺ.
ഔദ്യോഗികമായ വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ലഘൂകരിക്കൽ, 30 ദിവസത്തെ ചർച്ചകൾ എന്നിവയാണ് ഈ നിർദ്ദേശത്തിലുള്ളത്. എങ്കിലും, ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ യാത്ര ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടില്ല.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയായതിനാൽ ഇവിടുത്തെ അസ്ഥിരത ആഗോള വിപണിയെയും വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ട്. സമാധാന നിർദ്ദേശത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര മന്ത്രാലയം വ്യക്തമാക്കി
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി യുഎസ് നടത്തുന്ന ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെട്ടെന്നുള്ള തീരുമാനം, സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് സഖ്യകക്ഷികളുടെ വർധിച്ചുവരുന്ന പ്രതിഷേധം മൂലമാണെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെ ട്രംപ് പെട്ടെന്ന് പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ പല ഗൾഫ് രാജ്യങ്ങളെയും അമ്പരപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വാണിജ്യ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സഹായിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഓപ്പറേഷനെക്കുറിച്ച് മുൻകൂട്ടി കൂടിയാലോചനകൾ നടത്താത്തതിൽ സൗദി നേതാക്കൾക്കുണ്ടായ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. റിയാദിന് തെക്കുകിഴക്കുള്ള പ്രിൻസ് സുൽത്താൻ എയർബേസിൽ നിന്ന് യുഎസ് വിമാനങ്ങൾ പ്രവർത്തിക്കുന്നതിനോ ഈ ദൗത്യത്തിന് പിന്തുണ നൽകാനായി സൗദി വ്യോമപാത ഉപയോഗിക്കുന്നതിനോ അനുമതി നൽകില്ലെന്ന് സൗദി യുഎസിനെ അറിയിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം.
ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഫോണിൽ സംസാരിച്ചെങ്കിലും തർക്കം ഉടൻ പരിഹരിക്കാനായില്ല. ഇതേത്തുടർന്ന് തന്ത്രപ്രധാനമായ വ്യോമപാതയിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനായി ദൗത്യം നിർത്തിവെക്കാൻ ട്രംപ് നിർബന്ധിതനായി എന്നാണ് റിപ്പോർട്ട്.
സംഘർഷം കുറയുമെന്ന പ്രതീക്ഷയോട് വിപണികൾ പോസിറ്റീവായി പ്രതികരിച്ചു. ടോക്കിയോയുടെ നിക്കി (Nikkei) സൂചിക 5.7 ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുത്തനെ ഇടിഞ്ഞതിന് ശേഷം എണ്ണവില വലിയ മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. ബെയ്‌റൂട്ടിന് സമീപം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. കൂടാതെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള നാവിക പാതകൾ സുരക്ഷിതമാക്കുന്നതിനുള്ള ദൗത്യത്തിനായി ഫ്രാൻസ് വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗല്ലെ തെക്കൻ ചെങ്കടലിലേക്ക് അയ്ച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം നേരത്തെ അവകാശപ്പെട്ടതിനേക്കാൾ ഗുരുതരമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തൽ . യുദ്ധം തുടങ്ങിയത് മുതൽ 15 യുഎസ് സൈനിക സൈറ്റുകളിലായി കുറഞ്ഞത് 228 നിർമ്മിതികളും ഉപകരണങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
ഹാംഗറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോകൾ, വിമാനങ്ങൾ, നിർണ്ണായക റഡാർ-വാർത്താവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും കുവൈത്തിലെയും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം ആരംഭിച്ച ശേഷം മിഡിൽ ഈസ്റ്റിലുടനീളം നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ ഏഴ് യുഎസ് സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടു (ആറ് പേർ കുവൈത്തിലും ഒരാൾ സൗദി അറേബ്യയിലും). 400ലധികം സൈനികർക്ക് പരിക്കേറ്റു.
ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ട സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് പരിശോധിക്കുകയും യൂറോപ്യൻ യൂണിയന്റെയും പ്ലാനറ്റ് ലാബ്സിന്റെയും ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അവ ആധികാരികമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൈറ്റ്, ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തുള്ള സാറ്റലൈറ്റ് ഡിഷ്, കുവൈത്തിലെ ക്യാമ്പ് ബ്യൂറിംഗിലെ പവർ പ്ലാന്റ് എന്നിവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജോർദാനിലും യുഎഇയിലുമുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുന്നു.
ഇറാൻ നടത്തിയ ആക്രമണങ്ങൾ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും യാദൃശ്ചികമായി വീണ മിസൈലുകൾ ഒന്നും തന്നെയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക ഡ്രോൺ യുദ്ധമുറകളോട് പൊരുത്തപ്പെടുന്നതിൽ അമേരിക്കൻ സൈന്യത്തിന് സംഭവിച്ച പിഴവുകളും ചില താവളങ്ങളിലെ സുരക്ഷാ കുറവുമാണ് നാശനഷ്ടങ്ങൾ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നും അവർ വിലയിരുത്തുന്നു. വാർത്തകൾ പുറത്തുവരുന്നത് നിയന്ത്രിക്കാൻ യുഎസ് സർക്കാർ സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha
























