വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തുന്ന വന്‍ റാക്കറ്റിനെ വലയിലാക്കി പൊലീസ്

വ്യാജരേഖകള്‍ ചമച്ച് അവയവദാനത്തിന്റെ മറവില്‍ അവയവ കച്ചവടം നടത്തുന്ന വന്‍ റാക്കറ്റിനെ പിടികൂടി പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ കാസര്‍കോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര ഒളിവിലാണ്. ഇയാളുടെ ഭാര്യ റഷീദ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്യാജരേഖകള്‍ തയാറാക്കാന്‍ ഇവരെ സഹായിച്ച കുറ്റത്തിന് കുന്നത്തുനാട് പള്ളിക്കരയിലെ ഒരു സ്റ്റുഡിയോയുടേയും കംപ്യൂട്ടര്‍ സെന്ററിന്റെയും നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതല്‍ കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ ഇന്നു രാവിലെയാണ് അവസാനിച്ചത്. ഇതിനു പുറമെ 5 ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരുന്ന വമ്പന്‍ അവയവ കച്ചവടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
കുന്നത്തുനാട് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 2 കേസുകള്‍ അനുസരിച്ച് നജീബ് കല്ലട്രയാണ് കേസിലെ ഒന്നാം പ്രതി. ഇവര്‍ കൊച്ചി കേന്ദ്രീകരിച്ച് കല്ലട്ര മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് പ്രമുഖ ആശുപത്രികളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരുടെ ജോലിയാണ് തങ്ങള്‍ക്ക് എന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. ആലുവ എടത്തലയിലാണ് സ്ഥാപനത്തിന്റെ ഓഫിസായി കാണിച്ചിരുന്നത്. ഒറ്റമുറിയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. പൂട്ടുപൊളിച്ച് ഇന്നലെ അവിടെ പരിശോധന നടത്തി. ഈ സ്ഥാപനത്തിന്റെ മറവില്‍ യഥാര്‍ഥത്തില്‍ നടന്നിരുന്നത് അവയവ കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണ ഗതിയില്‍ അവയവങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കാണ് ഒരാള്‍ക്ക് ദാനമായി നല്‍കാനാവുക. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ ദാതാക്കളെ കണ്ടെത്തി അവയവം സ്വീകരിക്കും. ചിലര്‍ ഇതിനായി പണവും നല്‍കും. ഇതിനായി ദാതാവ് അടുത്ത ബന്ധുവാണെന്ന് കാണിക്കാന്‍ വ്യാജരേഖകള്‍ ചമയ്ക്കുകയാണ് ചെയ്യുന്നത്. വ്യാജ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ജനപ്രതിനിധികളുടെ ശുപാര്‍ശ കത്തുകള്‍, അവരുടെ ലെറ്റര്‍പാഡ്, സീലുകള്‍, ഒപ്പ് ഇവയെല്ലാം വ്യാജമായി നിര്‍മിച്ചായിരിക്കും അവയവദാനത്തിന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കുക.
കുടുംബ വഴക്കിനെ തുടര്‍ന്ന് റഷീദ തന്നെയാണ് തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു പൊലീസിനെ അറിയിച്ചതെന്നും അതല്ല, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിക്കുകയായിരുന്നു എന്നും വ്യത്യസ്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിഴക്കമ്പലത്തിനടുത്തുള്ള പള്ളിക്കര കേന്ദ്രീകരിച്ചാണ് വ്യാജരേഖകളുടെ നിര്‍മാണം നടക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് ഇന്നലെ രാവിലെ രണ്ടു സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. സണ്‍ കമ്യൂണിക്കേഷന്‍സ്, സൈന്‍ എച്ച്ഡി ഡിജിറ്റല്‍ സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തുടര്‍ന്നാണ് പൊലീസിനെ തന്നെ ഞെട്ടിച്ചുകൊണ്ട് വലിയ തോതില്‍ വ്യാജരേഖകള്‍ കണ്ടെടുത്ത്.
എറണാകുളം എംപി ഹൈബി ഈഡന്‍, ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍, ഉദുമ എംഎല്‍എ ആയിരുന്ന സി.ആര്‍.കുഞ്ഞമ്പു, കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന കെ.പി.മോഹനന്‍, അരൂര്‍ എംഎല്‍എ ആയിരുന്ന ദലീമ, കാ!ഞ്ഞിരപ്പള്ളി എംഎല്‍എയും ചീഫ് വിപ്പുമായിരുന്ന എന്‍.ജയരാജ്, അമ്പലപ്പുഴ ഡപ്യൂട്ടി സൂപ്രണ്ട്, തൃശൂര്‍ സിറ്റി കുന്നംകുളം സബ് ഡിവിഷന്‍ എസിപി, കൊച്ചിയിലെ രണ്ടു സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു. വ്യാജ ലെറ്റര്‍പാഡുകള്‍ നിര്‍മിച്ച് അതില്‍ സാക്ഷ്യപത്രങ്ങള്‍ നല്‍!കിയതും പൊലീസ് വെരിഫിക്കേഷനായി !ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനുള്ള കത്തുകളും പൊലീസ് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. വിവിധ സര്‍ക്കാര്‍ ഓഫിസുകളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പ്രമുഖ ഡോക്ടര്‍മാരുടേയും സീലുകളും ഒപ്പുകളും വ്യാജമായി നിര്‍മിച്ചതും പൊലീസ് കണ്ടെടുത്തു.
സണ്‍ കമ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പുകാരായ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ്, എച്ച്ഡി !ഡിജിറ്റല്‍ സ്റ്റുഡിയോ ജീവനക്കാരന്‍ സനോജ് കെ.പി എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ആസിഫ് എന്ന മറ്റൊരാള്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. വ്യാജ രേഖകള്‍ തയാറാക്കാനുള്ള കാര്യങ്ങള്‍ നജീബ് വാട്‌സ്ആപ് വഴി നല്‍!കിയിരുന്നു എന്നും ഇതുപയോഗിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി നല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നത് എന്നുമാണ് പൊലീസ് പറയുന്നത്. ഇതിനായി ഇവര്‍ പണം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. നജീബും ഭാര്യയും താമസിച്ചിരുന്ന കരിമുകള്‍ പോത്തനാംപറമ്പിലെ ഫ്‌ലാറ്റിലെ പരിശോധന ഇന്നു രാവിലെയാണ് അവസാനിച്ചത്.
https://www.facebook.com/Malayalivartha
























