പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 44 വര്‍ഷം കഠിന തടവും 1,04,000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും 1,04,000 രൂപ പിഴയും. പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 7 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് 25 വര്‍ഷം അനുഭവിച്ചാല്‍ മതി. കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പില്‍ ശശികുമാറിനെയാണ് (65) തലശ്ശേരി പോക്‌സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ശിക്ഷിച്ചത്. ഇയാളുടെ കൂടെ താമസിക്കുന്ന കേസിലെ രണ്ടാം പ്രതിയായ സ്ത്രീയെ വെറുതെ വിട്ടു.
2016ലാണ് കേസിനാസ്പദമായ സംഭവം. ശശികുമാറിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് കേസ്. മുറിയില്‍ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ശശികുമാര്‍ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയില്‍ വച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയായിരുന്നു. വെട്ടുകല്ല് എടുത്ത് വയറ്റില്‍ വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും ഗര്‍ഭം അലസിപ്പോകുകയുമായിരുന്നു.
ഈ കുട്ടിയുടെ കൂടെ അനാഥാലയത്തിലായിരുന്ന മറ്റൊരു കുട്ടിയും ഇതേ വീട്ടില്‍ അവധിക്കാലത്ത് ഫോസ്റ്റര്‍ കെയര്‍ ആയി താമസിക്കാന്‍ വന്നു. ഈ കുട്ടിയോടാണ് പീഡനത്തിരയായ വിവരം പറഞ്ഞത്. ശശികുമാര്‍ തന്നെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഫോസ്റ്റര്‍ കെയര്‍ ആയി വന്ന കുട്ടി പറഞ്ഞു. പിന്നീട് ഫോസ്റ്റര്‍ കെയര്‍ ആയ കുട്ടി അനാഥാലയത്തില്‍ തിരിച്ചെത്തിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. അനാഥാലയ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനത്തിനിരയായ കുട്ടികള്‍ സഹോദരിമാരാണെന്നും തിരിച്ചറിഞ്ഞു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ അമ്മ ശിശുഭവനങ്ങളില്‍ ഏല്‍പ്പിച്ചതായിരുന്നു. പിന്നീട് പലയിടങ്ങളിലായാണ് കുട്ടികള്‍ ജീവിച്ചത്. അതിനാല്‍ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























