ഡല്‍ഹി പൂരം നിര്‍ണായകം... കെസി വേണുഗോപാലിന്‍റെ ഫ്ളക്സ് കീറിയതില്‍ അമര്‍ഷം, പട നയിക്കാൻ സായുധ വിപ്ലവമല്ല നടന്നത്, പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ലെന്ന് യുവ നേതാവ്, വിഡി സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ദില്ലിയിലേക്ക്, ഹൈക്കമാൻഡുമായി നിർണായക കൂടിക്കാഴ്ച

വിഎസിനെ മത്സരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത് പോലെ വിഡി സതീശന്‍ ഫാന്‍സും രംഗത്തെത്തി. പല ജില്ലകളിലും പ്രകടനം നടത്തി. തിരുവനന്തപുരത്ത് സതീശന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ചു നിരവധി പ്രവര്‍ത്തകരാണ് ഇന്നലെ തെരുവിലിറങ്ങിയത്. പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകര്‍ വലിച്ചുകീറി. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്നെഴുതിയ സതീശന്റെ ചിത്രമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചു. ഇതോടെ കെസി പക്ഷത്തിന് വലിയ ക്ഷീണമായി.
അതേസമയം കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് പോയി. ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിന് വേണ്ടിയാണ് മൂവർ സംഘം ദില്ലിയിലേക്ക് പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എൽ.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താൽപ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിൽ ചർച്ചകൾ നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎൽഎമാരുടെ വൻ പിന്തുണയാണുള്ളത്. 45 ലധികം എംഎൽഎമാര്‍ നീരക്ഷകരോട് കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തിൽ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിൽ വി ഡി സതീശൻ ക്യാന്പ്. സംസ്ഥാന വ്യാപകമായി ഫ്ലെക്സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാർഥിയായി താൻ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന വി ഡി സതീശൻ അനുകൂല പ്രകടനങ്ങളെ വിമർശിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. പൊതു സമൂഹത്തിനു മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ലെന്ന് അലോഷ്യസ് സേവ്യർ കുറിച്ചു. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണതാണ്. മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും. പരിധി വിട്ടാൽ എല്ലാ പരിധിയും വിടും.
ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുതെന്നും അലോഷ്യസ് സേവ്യർ താക്കീത് നൽകി. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് വി ഡി സതീശന് അനുകൂലമായ പ്രകടനങ്ങളിൽ ഉയർന്ന പ്രധാന മുദ്രാവാക്യം. ഇതിനെ വിമർശിച്ചാണ് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍റെ കുറിപ്പ്.
അലോഷ്യസ് സേവ്യർ പറഞ്ഞത്...
പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാവണം
ഈ പാർട്ടിയിൽ എല്ലാ തവണയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാർട്ടി മുന്നോട്ട് പോവുമ്പോൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിച്ച് ഈ പാർട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാൽ എത്ര ഉന്നത നേതാക്കന്മാർ ആയാലും പരസ്യമായി പേരെടുത്ത് വിമർശിക്കേണ്ടി വരും.
പൊതു സമൂഹത്തിനു മുന്നിൽ ഈ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ല. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണു. ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം. കോൺഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും.
മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും. പരിധി വിട്ടാൽ എല്ലാ പരിധിയും വിടും. ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുത്. ഗിവ് റെസ്പക്ട് ആന്‍റ് ടേക്ക് റെസ്പക്ട്
അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് പ്രവർത്തകർ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയമെന്നും അത് ഉൾക്കൊള്ളണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വൈകാരികമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്‍റെ പേരിൽ നടപടിയെടുക്കുന്നത് പരിഹാരമല്ല, ശരിയുമല്ല. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാൻ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടി കൊണ്ട് ഒരു കാര്യവുമില്ല. പ്രവർത്തകർ വേറെ എവിടെപ്പോയി പറയും? ഒന്നുകിൽ അവരുടെ വികാരങ്ങളെ ഉൾക്കൊള്ളുക, അല്ലെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് പരിഹാരമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
അമിതമായി അച്ചടക്കത്തിന്‍റെ ഉടവാൾ ഉയർത്തിക്കാണിക്കുന്ന കേഡർ പാർട്ടിയല്ല കോണ്‍ഗ്രസ് എന്ന് എല്ലാവർക്കുമറിയാം. ഇരുമ്പുവടം വലിച്ചു കെട്ടി പ്രവർത്തകരെ അച്ചടക്കത്തിനുള്ളിൽ ആക്കാമെന്ന് ആരും കരുതുന്നുമില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടുക്കി ഡിസിസിയിലുണ്ടായ നടപടികളെ വിമർശിച്ചാണ് ഡീൻ കുര്യാക്കോസ് രംഗത്തെത്തിയത്.
കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനമാണ്. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്.
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ പ്രകടനം നടന്നു. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനിടയില്‍ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അതിനിടയിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. ഇന്നലെയും വിവിധയിടങ്ങളിൽ പ്രകടനം നടന്നിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകര്‍ വലിച്ചുകീറി. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്നെഴുതിയ സതീശന്റെ ചിത്രമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനു പിന്തുണയുമായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും പ്രകടനങ്ങൾ നടന്നു. കൊയിലാണ്ടി, വടകര, അത്തോളി, പേരാമ്പ്ര തുടങ്ങിയ മേഖലകളിലാണ് സതീശനു വേണ്ടി പ്ലക്കാർഡുകളും ബാനറും ഉയർത്തി നൂറുകണക്കിനു പ്രവർത്തകർ നിരത്തിൽ ഇറങ്ങിയത്. കോഴിക്കോട് നഗരത്തിൽ മുതലക്കുളത്ത് നിന്ന് കിഡ്‌സൺ കോർണർ വരെ നടന്ന പ്രകടനത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. കോടഞ്ചേരിയിലും നിരവധി പേർ പ്രകടനം നടത്തി. തലക്കുളത്തൂർ പറമ്പത്ത് ഏഴിന് പ്രകടനം ഉണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകിട്ടോടെ തീരുമാനം മാറ്റുകയായിരുന്നു. കോട്ടയം പാമ്പാടിയിലും സതീശന് വേണ്ടി പ്രകടനം നടന്നു.
അതേസമയം വി.ഡി.സതീശന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ഇങ്ങനെ
‘102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽനിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.’
"https://www.facebook.com/Malayalivartha
























