പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു...

പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു.
ദീർഘകാലം ‘കേരള കൗമുദി’യിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം നിയമസഭാ റിപ്പോർട്ടിങ്ങിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. 35 വർഷത്തോളം കേരള കൗമുദിയിൽ സജീവമായി പ്രവർത്തിച്ച കെ.ജി. പരമേശ്വരൻ നായർ, കേരള നിയമസഭയുടെ ചരിത്രവും സഭാനടപടികളും ഏറ്റവും സൂക്ഷ്മമായി ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.
നിയമസഭാ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം ‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ മാധ്യമ-രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന മാധ്യമ പുരസ്കാരമായ 2021-ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിനുപുറമേ പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ്, കെ. വിജയരാഘവൻ അവാർഡ്, പി.സി. സുകുമാരൻ നായർ അവാർഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള ജി. കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്ത ദീർഘകാലത്തെ സേവനം മുൻനിർത്തി കേരള നിയമസഭ അദ്ദേഹത്തെ പ്രത്യേകം ആദരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















