സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും... 2 സാക്ഷികൾ ആഗസ്റ്റ് 1 ന് ഹാജരാകണം ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവ്

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും. ആദ്യ 2 സാക്ഷികൾ ആഗസ്റ്റ് 1 ന് ഹാജരാകണം. ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു.
പ്രതി ശ്രീറാം ബുധനാഴ്ച ഹാജരായില്ല.വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണക്കു മുന്നോടിയായി പ്രതിക്ക് മേൽ കോടതി ആഗസ്റ്റിൽ നരഹത്യാ കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തിൽ വാഹനമോടിക്കൽ), 304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ ചുമത്തിയത്.
പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാൻ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകൾ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ രക്തസാമ്പിൾ എടുക്കൽ വൈകിയതിനാൽ, രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തതിനാൽ, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാൽ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 , 'കാറിടിച്ചു കയറ്റി ഹാൻഡ് റെയിൽ ബാരിക്കേഡ് തുടങ്ങിയ പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് തെളിവു ഹാജരാക്കാത്തതിനാലും ഈ രണ്ടു വകുപ്പുകൾ പ്രതിക്ക് മേൽ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകൾ കേസ് റെക്കോഡിൽ കാണുന്നു.പ്രതി വിചാരണ നേരിടണം.
കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി കുറ്റം ചുമത്തൽ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha





















