ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!

ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപം, സിംഹങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനായി അനധികൃതമായി റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കയറിയ ഇരുപത്തിയൊന്നുകാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സോഹില്‍ മേമന്‍ എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്. അംറേലി മേഖലയില്‍ ഒരു മാസത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത് എന്നതിനാല്‍ വനംവകുപ്പും പോലീസും അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്.
ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസര്‍വ് വനത്തോട് ചേര്‍ന്ന മേഖലയിലാണ് സംഭവം നടന്നത്. സോഹിലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സിംഹങ്ങളെ വളരെ അടുത്തുകാണാനും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുമായി നിയമവിരുദ്ധമായി കാട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. സിംഹങ്ങളുടെ ഇണചേരല്‍ സമയത്താണ് യുവാക്കള്‍ കാട്ടിനുള്ളിലെത്തിയത്. ഈ സമയങ്ങളില്‍ വന്യമൃഗങ്ങള്‍ കടുത്ത പ്രകോപന സ്വഭാവം കാണിക്കാറുള്ളതാണ്. യുവാക്കള്‍ സിംഹങ്ങളുടെ വളരെ അടുത്തേക്ക് എത്തിയതോടെ അതീവ പ്രകോപിതനായ ആണ്‍സിംഹം സോഹിലിനെ നേര്‍ക്കുനേര്‍ ആക്രമിക്കുകയായിരുന്നു.
സിംഹം യുവാവിനെ ആക്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭയന്നോടി രക്ഷപ്പെട്ടു. സോഹിലിനെ കടിച്ചുകീറി വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ സിംഹം ഏറെ നേരം മൃതദേഹത്തിന് സമീപം തന്നെ കാവലിരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് വലിയ പരിശ്രമത്തിനൊടുവിലാണ് സിംഹത്തെ തുരത്തി മൃതദേഹം കാടിന് പുറത്തെത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്. ആക്രമണം നടത്തിയ ആണ്‍സിംഹത്തെ വനംവകുപ്പ് പിന്നീട് മയക്കുവെടി വെച്ച് പിടികൂടി.
നിയമവിരുദ്ധമായി വനത്തില്‍ പ്രവേശിച്ചതിന് സോഹിലിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ സിംഹങ്ങളെ നിരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതായും ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും പോലീസ് കണ്ടെത്തി. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കുന്നതിനായി ഈ ഫോണുകള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഗിര്‍ വനമേഖലയ്ക്ക് പുറത്ത് വിനോദസഞ്ചാരികള്‍ക്കായി നാട്ടുകാരായ ചില ഏജന്റുമാര്‍ നടത്തുന്ന അനധികൃത 'ലയണ്‍ സഫാരി'യെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും നിയമലംഘകര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ചിരാഗ് അമിന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























