കേരളത്തില്‍ ട്രോളിംഗ് നിരോധനം 15 മുതല്‍

കേരളത്തില്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 61 ദിവസത്തെ ട്രോളിംഗ് നിരോധനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മത്സ്യത്തൊഴിലാളികള്‍ നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കണമെന്നും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന 47 ദിവസത്തെ ട്രോളിംഗ് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനു കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവ ഏകോപിച്ച് പ്രവര്‍ത്തിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷം കടലില്‍ ഉണ്ടായ അപകടങ്ങള്‍ പരിശോധിച്ച് ഉടന്‍ സഹായം നല്‍കാന്‍ നടപടിയെടുക്കും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും 15 ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് ട്രോളിംഗ് നിരോധനകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമായി വന്നാല്‍ കൂടുതല്‍ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാനും ഏറ്റവും കാര്യക്ഷമമായി കടലിലെ രക്ഷാപ്രവര്‍ത്തനം നടത്താനും മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
12 നകം എല്ലാ തീരദേശ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തില്‍ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങള്‍ നടത്തണം. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡു ഈ മാസംതന്നെ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സമയബന്ധിതമായി നല്‍കുന്നതിന് സിവില്‍ സപ്‌ളൈസ്, ഫിഷറീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യന്ത്രവത്കൃത ബോട്ടുകള്‍ക്കും കളര്‍ കോഡ് നിര്‍ബന്ധമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























