മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടിയെങ്കിലും താല്‍ക്കാലിക ക്ലാസ് കളക്ടറേറ്റിലേക്ക് മാറ്റി, കുട്ടികള്‍ക്ക് ആദ്യദിനം കലക്ടര്‍ എന്‍. പ്രശാന്ത് ക്ലാസ്സെടുത്തു

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ വച്ചു. വൈകിട്ട് 4.30ഓടെ സ്‌കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു. സ്‌കൂള്‍ പൂട്ടിയെങ്കിലും ക്ലാസുകള്‍ താല്‍ക്കാലികമായി കളക്ടറേറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ കുട്ടികള്‍ക്ക് ആദ്യദിനം കലക്ടര്‍ എന്‍. പ്രശാന്ത് ക്ലാസുകളുമെടുത്തു. ഭൂമി വില്‍പ്പനയ്ക്കുള്ള ചരക്കല്ലെന്നും വിദ്യ തന്നെയാണ് പ്രധാനപ്പെട്ടതെന്നും പണം ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവല്ലെന്നുമുള്ള മൂന്ന് കാര്യങ്ങളാണ് വസ്തുനിഷ്ഠമായി കല്കടര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കിയത്.
കുട്ടികള്‍ക്ക് വ്യാഴാഴ്ച മുതല്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരിക്കും ക്ലാസുകള്‍ നടക്കുക. അവര്‍ക്കു ഭക്ഷണത്തിനുള്ള സൗകര്യവും കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും അടുത്ത സമയത്തു തന്നെ മലാപ്പറമ്പ് സ്‌കൂളിലേക്ക് ഇവര്‍ക്കു തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കൂള്‍ പൂട്ടിയ കാര്യം വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി കോടതിയെ അറിയിക്കും. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ രാവിലെ കോടതിയെ അറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ പൂട്ടി കോടതി ഉത്തരവ് നടപ്പാക്കിയ ശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 18നാണ് സ്‌കൂള്‍ മാര്‍ച്ച് 31നകം പൂട്ടണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയുണ്ടായത്. പറഞ്ഞ സമയത്തിന് ശേഷവും സ്‌കൂള്‍ പൂട്ടാതിരുന്നതോടെ മാനേജര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതോടെയാണ് സ്‌കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























